Connect with us

Articles

കോണ്‍ഗ്രസ്സ് അതിജീവിച്ചേക്കാം, പക്ഷേ...

പുറത്തുവന്ന അഭിപ്രായ സര്‍വേകളിലെല്ലാം വലിയ ഭൂരിപക്ഷം നേടിയില്ലെങ്കിലും കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്തും എന്ന സൂചനയാണ് നല്‍കുന്നത്. പക്ഷേ രാഷ്ട്രീയമായി 'ഇന്ത്യ' സഖ്യം ഉയര്‍ത്തുന്ന വാദങ്ങളുടെ പ്രത്യയശാസ്ത്ര പ്രസക്തി നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സ് ഛത്തീസ്ഗഢില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഇത് 2024ലേക്ക് കണ്ണുവെക്കുന്ന പാര്‍ട്ടിക്ക് മുന്നില്‍ വലിയ രാഷ്ട്രീയ ബാധ്യതയായി മാറുക തന്നെ ചെയ്യും.

Published

|

Last Updated

കോണ്‍ഗ്രസ്സും ബി ജെ പിയും ബലാബലം ശക്തി പരീക്ഷിക്കുന്ന തിരഞ്ഞെടുപ്പാണ് ഛത്തീസ്ഗഢിലേത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് സംസ്ഥാനം ഇന്ന് പോളിംഗ് ബൂത്തിലെത്തുകയാണ്. ഈ മാസം 17നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. 90 സീറ്റ് മാത്രമുള്ള അസംബ്ലിയായിരുന്നിട്ടും സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നത് നക്സല്‍ ഭീഷണി നേരിടുന്നതിനാലാണ്. അതുകൊണ്ട് തന്നെ കേവലമായ ഒരു തിരഞ്ഞെടുപ്പ് എന്നതിനപ്പുറം ഛത്തീസ്ഗഢിന് ഓരോ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ അതിജീവന പോരാട്ടം കൂടിയാണ്.

മധ്യപ്രദേശ് വിഭജിച്ച് 2000 നവംബര്‍ ഒന്നിന് സംസ്ഥാനം നിലവില്‍ വന്നത് മുതല്‍ നാളിതുവരെ കോണ്‍ഗ്രസ്സിനും ബി ജെ പിക്കുമല്ലാതെ മറ്റൊരു കക്ഷിക്കും അധികാര രാഷ്ട്രീയത്തില്‍ സംസ്ഥാനത്ത് ഇടമുണ്ടായിട്ടില്ല. 2000 മുതല്‍ 2003 വരെ അജിത് ജോഗിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന്റെ ഇടക്കാല മന്ത്രിസഭയും ശേഷം സംസ്ഥാനം രൂപവത്കൃതമായതിന് ശേഷമുള്ള 2003ലെ ആദ്യ അസംബ്ലി തിരഞ്ഞെടുപ്പ് മുതല്‍ 2018 വരെ രമന്‍ സിംഗിന്റെ ബി ജെ പി മന്ത്രിസഭയുമാണ് അധികാരത്തിലിരുന്നത്.15 വര്‍ഷത്തെ ബി ജെ പി ഭരണത്തിന് കര്‍ട്ടനിട്ടാണ് 2018ല്‍ ഛത്തീസ്ഗഢിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുന്നത്. 2018ലെ അസംബ്ലി തിരഞ്ഞെടുപ്പ് കേവലം ബി ജെ പിക്ക് അധികാരത്തില്‍ നിന്ന് പുറത്തായ തിരഞ്ഞെടുപ്പ് മാത്രമായിരുന്നില്ല, പാര്‍ട്ടിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേരിട്ട വര്‍ഷം കൂടിയാണത്. ബി ജെ പിക്ക് സംസ്ഥാനത്ത് ഏറ്റവും വലിയ വോട്ട് ചോര്‍ച്ചയും സീറ്റ് നഷ്ടവും ഉണ്ടായതും ഇതേ തിരഞ്ഞെടുപ്പിലാണ്. അതേസമയം കോണ്‍ഗ്രസ്സിനാകട്ടെ സംഘടനാപരമായും അധികാര രാഷ്ട്രീയത്തിലും വലിയ വെല്ലുവിളി നേരിടുന്ന സമയത്താണ് ഈ വലിയ വിജയം ലഭിക്കുന്നത്. 2018 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് ശതമാനത്തില്‍ കൂടിയിരുന്നില്ല. 90 സീറ്റുള്ള അസംബ്ലിയില്‍ സീറ്റ് വ്യത്യാസവും 13 ല്‍ കൂടിയിരുന്നില്ല. എന്നാല്‍ 2018ല്‍ ബി ജെ പിയേക്കാള്‍ പത്ത് ശതമാനം വോട്ടും 53 സീറ്റും അധികം നേടിയാണ് കോണ്‍ഗ്രസ്സ് അധികാരം പിടിച്ചത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കോണ്‍ഗ്രസ്സിന് നല്‍കിയ ഊര്‍ജം ചെറുതായിരുന്നില്ല. എന്നാല്‍ തൊട്ടടുത്ത വര്‍ഷം നടന്ന 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ഈ ട്രെന്‍ഡ് നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. 11 ലോക്സഭാ സീറ്റില്‍ 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ്സിന് ഒരു സീറ്റ് മാത്രമാണ് നേടാനായിരുന്നതെങ്കില്‍ അത് രണ്ടാക്കി മാറ്റി എന്നത് മാത്രമാണ് കോണ്‍ഗ്രസ്സിന് ആകെ പറയാനുള്ള നേട്ടം. ബി ജെ പിയാകട്ടെ കോണ്‍ഗ്രസ്സിനേക്കാള്‍ 10 ശതമാനം വോട്ട് അധികം നേടുകയും ചെയ്തു. എന്നാല്‍ 2021 ഡിസംബറില്‍ 15 നഗര സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വീണ്ടും ചരിത്ര വിജയം നേടാനായി. ബി ജെ പിയേക്കാള്‍ ഇരട്ടി സീറ്റ് നേടിയാണ് കോണ്‍ഗ്രസ്സ് കരുത്ത് കാണിച്ചത്. അവസാനത്തെ ഈ തിരഞ്ഞെടുപ്പ് കണക്കാണ് കോണ്‍ഗ്രസ്സിന് ഇപ്പോഴും വലിയ ആത്മവിശ്വാസം നല്‍കുന്നത്.

ഹിന്ദുത്വയുടെ സ്വാധീന ശക്തി
പ്രാദേശിക പ്രശ്നങ്ങളാണ് എല്ലാ കാലത്തും ഇവിടുത്തെ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിച്ചിട്ടുള്ളതെങ്കിലും ഹിന്ദുത്വത്തിന് അനിയന്ത്രിതമായ സ്വാധീന ശക്തിയുണ്ട്. ജാതീയമായ കണക്കുകളിലെ സാധ്യതകളില്‍ പോലും കോണ്‍ഗ്രസ്സിന് ബി ജെ പിയെമറികടക്കാന്‍ കഴിയാതെ പോയത് ഹിന്ദുത്വ സാംസ്‌കാരികതയുടെ ആഴത്തിലുറച്ച വേരുകള്‍ കാരണമാണ്.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് വിളവെടുക്കാന്‍ പാകപ്പെട്ട മണ്ണാണ് ഛത്തീസ്ഗഢിലേത്. നാളിതുവരെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ ബി ജെ പിയുടെ വിജയം അതാണ് കാണിക്കുന്നത്. ഹിന്ദി ബെല്‍റ്റിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഹിന്ദു ജനസംഖ്യാ അനുപാതവും ഛത്തീസ്ഗഢിലേതാണ്. 93 ശതമാനം ഹിന്ദുക്കള്‍ താമസിക്കുന്ന സംസ്ഥാനത്ത് എല്ലാ തിരഞ്ഞെടുപ്പുകളിലും പശുവും രാമക്ഷേത്രവും ഒക്കെ ചൂടുള്ള തിരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ന്നു വരാറുണ്ട്. ഈ വസ്തുത മനസ്സിലാക്കി ഒരുക്കിയ തന്ത്രങ്ങളാണ് കോണ്‍ഗ്രസ്സിന് അവസാന അസംബ്ലി തിരഞ്ഞെടുപ്പില്‍ തുണയായതും. ഭൂപേഷ് ഭാഗലിന്റെ ഹിന്ദുത്വ അജന്‍ഡയാണ് ബി ജെ പിക്ക് ഇപ്പോള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ വര്‍ഷമാദ്യം ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുന്നതിന് തൊട്ടുമുമ്പാണ് റായ്പൂരിലെ ശ്രീരാമന്റെ അമ്മയായ മാതാ കൗശല്യയുടെ ക്ഷേത്രം വിപുലീകരിക്കുമെന്ന് ബാഗല്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് അതിവേഗം തന്നെ നവീകരണ പ്രവൃത്തികള്‍ തുടങ്ങുകയുമുണ്ടായി. മാത്രമല്ല രാമായണ പുരാണങ്ങളെ കേന്ദ്രീകരിച്ചുള്ള ടൂറിസം സര്‍ക്ക്യൂട്ടിനായി അദ്ദേഹം 162 കോടി രൂപ അനുവദിക്കുകയും അതിന്റെ പ്രചാരണത്തിന് 1,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വലിയ റാലി നടത്തുകയുമുണ്ടായി. പ്രചാരണത്തില്‍ ഉപയോഗിച്ച എല്ലാ അടയാളങ്ങളും ഹിന്ദുത്വ സാംസ്‌കാരികതയുടെ അടിത്തറ വിപുലപ്പെടുത്തുന്നതായിരുന്നു. വഴി നീളെ എല്ലാ ജില്ലകളില്‍ നിന്നും മണ്ണ് ശേഖരിച്ച് ബി ജെ പിയുടെ ഹിന്ദുത്വത്തേക്കാള്‍ കേമമാണ് തങ്ങളുടേതെന്ന് ബാഗല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മടിത്തട്ടിലാണ് കോണ്‍ഗ്രസ്സും ബി ജെ പിയും അന്തിയുറങ്ങുന്നത് എന്നതാണ് ഛത്തീസ്ഗഢിലെ ഏറ്റവും ദയനീയമായ രാഷ്ട്രീയ ചിത്രം.

ജാതി രാഷ്ട്രീയത്തിന്റെ സാധ്യതകള്‍
38 ശതമാനം വരുന്ന ഒ ബി സികളും 31 ശതമാനം വരുന്ന പട്ടിക വര്‍ഗക്കാരുമാണ് (ആദിവാസികള്‍) സംസ്ഥാനത്തെ ഏറ്റവും വലിയ ജനവിഭാഗങ്ങള്‍. 13 ശതമാനത്തോളം വരുന്ന ദളിതരും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശേഷിയുള്ളവരാണ്. ഈ കണക്കിലെ സാധ്യതകളില്‍ കണ്ണ് വെച്ചാണ് കോണ്‍ഗ്രസ്സ് 2022ല്‍ പൊതുമേഖലാ ജോലിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുമായി സംവരണ ബില്‍ അവതരിപ്പിച്ചത്. ഇത് പ്രകാരം പട്ടിക വര്‍ഗക്കാര്‍ക്ക് 32 ശതമാനവും ഒ ബി സി വിഭാഗങ്ങള്‍ക്ക് 27 ശതമാനവും പട്ടിക ജാതിക്കാര്‍ക്ക് 13 ശതമാനവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിന് (ഇ ഡബ്ല്യു എസ്) നാല് ശതമാനവും സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജാതിയെ മറികടക്കാന്‍ പാകത്തില്‍ ഹിന്ദുത്വം വലിയ സ്വാധീന ശക്തിയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് ഇതുവരെയുള്ള ഛത്തീസ്ഗഢിന്റെ ചരിത്രം. ഇപ്പോള്‍ ഹിന്ദുത്വത്തിന്റെ സാധ്യതകളിലേക്ക് ജാതി രാഷ്ട്രീയത്തെ ഉള്‍ചേര്‍ത്താണ് കോണ്‍ഗ്രസ്സ് പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നത്. ആദിവാസി സംസ്ഥാനം എന്ന മേല്‍വിലാസമുള്ള ഛത്തീസ്ഗഢിലെ രാഷ്ട്രീയം അടുത്ത കാലത്തായി ഒ ബി സി കേന്ദ്രീകൃതമായി മാറിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് ഒ ബി സി വിഭാഗത്തില്‍ നിന്നുള്ള ഭൂപേഷ് ബാഗലിനെ നേതാവായി ഉയര്‍ത്തി കാണിച്ചതാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഗതി മാറ്റത്തിന്റെ തുടക്കം. 2022 ആഗസ്റ്റില്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ ആദിവാസി നേതാവായ വിഷ്ണു ദിയോ സായിയെ മാറ്റി പകരം ഒ ബി സി നേതാവായ അരുണ്‍ സാവോയെ പാര്‍ട്ടിയുടെ ഛത്തീസ്ഗഢ് യൂനിറ്റിന്റെ പ്രസിഡന്റായി നിയമിച്ചത് കോണ്‍ഗ്രസ്സിന്റെ കെണിയിലേക്ക് ബി ജെ പി ചാടാന്‍ നിര്‍ബന്ധിക്കപ്പെട്ടതിന്റെ അടയാളമാണ്. സംവരണ ബില്ലോടെ ബി ജെ പിയുടെ ഹിന്ദുത്വയെ പൂര്‍ണമായും ഹൈജാക്ക് ചെയ്യാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട് എന്ന് വേണം കരുതാന്‍. എന്നാല്‍ ഒ ബി സി കേന്ദ്രീകൃതവും ഹിന്ദുത്വയെ പുണരുന്നതുമായ രാഷ്ട്രീയത്തോട് പൊരുത്തപ്പെടാന്‍ ആദിവാസികള്‍ സന്നദ്ധരല്ല എന്നതാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയാകാന്‍ സാധ്യതയുള്ള ഘടകം. കഴിഞ്ഞ ആഗസ്റ്റില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍കേന്ദ്ര മന്ത്രിയുമായിരുന്ന അരവിന്ദ് നേതം പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടി രൂപവത്കരിച്ചതും ഇതിന്റെ തെളിഞ്ഞു കാണുന്ന അടയാളമാണ്. ആദിവാസി വിഭാഗത്തിനിടയില്‍ കോണ്‍ഗ്രസ്സിനോട് വലിയ അതൃപ്തി ഉയര്‍ന്നു വന്നിട്ടുണ്ട്. സംസ്ഥാനത്തെ 39 സീറ്റുകള്‍ സംവരണ സീറ്റുകളാണ്. 29 എണ്ണം പട്ടികവര്‍ഗ വിഭാഗത്തിനും 10 എണ്ണം പട്ടികജാതി വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. ഈ വോട്ടുകളില്‍ വലിയ ശതമാനം പരമ്പരാഗതമായി കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നവയാണ്. ഏറ്റവും വലിയ തിരിച്ചടി നേരിട്ട 2018ല്‍ പോലും അതുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണ എന്ത് സംഭവിക്കുമെന്ന പ്രവചനം സാധ്യമല്ല. ആദിവാസി മേഖലക്ക് ഗ്രാമസഭകളിലൂടെ പ്രത്യേക അധികാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ‘പെസ’ നിയമം നടപ്പാക്കുന്നതിലെ പ്രശ്നങ്ങളും ഈ വിഭാഗത്തെ കാര്യമായി ചൊടിപ്പിച്ചിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളില്‍ നക്സല്‍ ഭീഷണി നേരിടുന്ന ബസ്തര്‍ ഡിവിഷനിലെ 12 നിയമസഭാ സീറ്റുകള്‍ ഉള്‍പ്പെടുന്നുണ്ട്. ബസ്തര്‍ മേഖലയിലെ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാന്‍ നക്സലൈറ്റുകള്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ്സ് വോട്ട് ബേങ്കിനാകും അത് കാര്യമായി ക്ഷീണം ചെയ്യുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബി ജെ പി നേതാവിനെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയതും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തിയിട്ടുണ്ട്.

മുന്‍തൂക്കം ആര്‍ക്ക്?
കോണ്‍ഗ്രസ്സും ബി ജെ പിയും രണ്ട് പക്ഷത്ത് നിന്ന് പോരടിക്കുമ്പോള്‍ ബി എസ് പിയും ഗോത്രവര്‍ഗ പാര്‍ട്ടിയായ ഗോണ്ട്വാന റിപബ്ലിക് പാര്‍ട്ടിയും സഖ്യമായാണ് മത്സരിക്കുന്നത്. ഇടതു പാര്‍ട്ടികള്‍ ഒരുമിച്ചും ആം ആദ്മി പാര്‍ട്ടി ഒറ്റക്കും മത്സര രംഗത്തുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ബി ജെ പിയേക്കാള്‍ ബഹുദൂരം മുന്നിലാണ് കോണ്‍ഗ്രസ്സ്. ഭരണവിരുദ്ധ വികാരം പേടിച്ച് കോണ്‍ഗ്രസ്സ് 30 ശതമാനം എം എല്‍ എമാര്‍ക്ക് സീറ്റ് പോലും നിഷേധിച്ചിട്ടുണ്ട്. ബി ജെ പിയുടെയും കോണ്‍ഗ്രസ്സിന്റെയും പ്രകടന പത്രികകള്‍ കര്‍ഷക വിഭാഗത്തെ കേന്ദ്രീകരിച്ചാണ്. എന്നാല്‍ ഉയര്‍ത്തി കാണിക്കാന്‍ ഒരു നേതാവില്ലാത്ത ബി ജെ പി ‘മോദിയുടെ ഗ്യാരണ്ടി’ എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. മോദിയെ പ്രൊജക്ട് ചെയ്തുള്ള പ്രചാരണം കര്‍ണാടക അടക്കമുള്ള അവസാനം നടന്ന തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാത്തത് ബി ജെ പിക്ക് തിരിച്ചടിയാകും. ആപ്പിനും ബി എസ് പിക്കുമൊന്നും മൂന്നിലധികം സീറ്റിലേക്ക് കടക്കുക നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അസാധ്യമാണ്. അദാനിക്ക് ഖനനാനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും 2021-22 തൊഴില്‍ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് പബ്ലിക് സര്‍വീസ് കമ്മീഷനിലുണ്ടായ അഴിമതിയുമാണ് ബി ജെ പി കാര്യമായി ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങള്‍. എന്നാല്‍ ഇതിനെ മറികടക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന അഭിപ്രായ സര്‍വേകളിലെല്ലാം വലിയ ഭൂരിപക്ഷം നേടിയില്ലെങ്കിലും കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്തും എന്ന സൂചനയാണ് നല്‍കുന്നത്. പക്ഷേ രാഷ്ട്രീയമായി ‘ഇന്ത്യ’ സഖ്യം ഉയര്‍ത്തുന്ന വാദങ്ങളുടെ പ്രത്യയശാസ്ത്ര പ്രസക്തി നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ്സ് ഛത്തീസ്ഗഢില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. രാഹുലിനെ അടിക്കാന്‍ പാകത്തില്‍ ആം ആദ്മി അടക്കമുള്ള പാര്‍ട്ടികള്‍ക്ക് ആയുധം നല്‍കുന്നു എന്നതാണ് ഛത്തീസ്ഗഢ് ചൂണ്ടിക്കാണിക്കുന്ന വലിയ രാഷ്ട്രീയ പ്രശ്നം. ഇത് 2024ലേക്ക് കണ്ണുവെക്കുന്ന പാര്‍ട്ടിക്ക് മുന്നില്‍ വലിയ രാഷ്ട്രീയ ബാധ്യതയായി മാറുക തന്നെ ചെയ്യും.

 

Latest