Connect with us

Kerala

സെമി കേഡറിലേക്ക് ചുവടുമാറി കോൺഗ്രസ്; ആദ്യ യൂനിറ്റ് പാലക്കാട് ജില്ലയിൽ

കരിമ്പ ആറ്റശേരി ഇറക്കിങ്ങല്‍ യൂനിറ്റ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രൂപവത്ക്കരിച്ച് യൂനിറ്റ് കമ്മിറ്റി സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

പാലക്കാട് | കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായി സെമികേഡർ മോഡല്‍ യൂനിറ്റ് കമ്മിറ്റികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. കരിമ്പ ആറ്റശേരി ഇറക്കിങ്ങല്‍ യൂനിറ്റ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി രൂപവത്ക്കരിച്ച് യൂനിറ്റ് കമ്മിറ്റി സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുമെന്ന് കെ പി സി സി പ്രസിഡന്റ് പറഞ്ഞു.

ബൂത്ത് കമ്മിറ്റികള്‍ക്ക് കീഴെയുള്ള കോണ്‍ഗ്രസിന്റെ അടിസ്ഥാന ഘടകമായ യൂനിറ്റ് കമ്മിറ്റികള്‍ക്കാണ് പാലക്കാട് തുടക്കം കുറിച്ചത്. ഓരോ ബൂത്ത് കമ്മിറ്റിക്ക് കീഴിലും കുറഞ്ഞത് അഞ്ച് യൂനിറ്റ് കമ്മിറ്റികള്‍ എങ്കിലും രൂപവത്ക്കരിക്കും. 20 മുതല്‍ 30 വരെയുള്ള വീടുകള്‍ ഉള്‍ക്കൊള്ളുന്നതാണ് കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റികള്‍. ആറ് മാസത്തിനകം ഒരു ലക്ഷം യൂനിറ്റ് കമ്മിറ്റികള്‍ രൂപവത്ക്കരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്തെ ആദ്യ യൂനിറ്റ് കമ്മിറ്റിയായി കരിമ്പുഴ ആറ്റാശ്ശേരി ഇറക്കിങ്ങല്‍ യൂനിറ്റ് മാറി. പ്രസിഡന്റ്, സെക്രട്ടറി. ട്രഷറര്‍, രണ്ട് ബൂത്ത് കമ്മിറ്റി പ്രതിനിധികള്‍, എല്ലാ കോണ്‍ഗ്രസ് അനുകൂല വീട്ടില്‍ നിന്നും ഓരോ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അടങ്ങിയതാണ് യൂനിറ്റ് കമ്മിറ്റി. ബൂത്ത് കമ്മിറ്റികള്‍ തിരെഞ്ഞടുപ്പ്കാലത്താണ് കൂടുതല്‍ സജീവമാകാറുള്ളത്.

യൂനിറ്റ് കമ്മിറ്റി വരുന്നതോടെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. കരിമ്പുഴയിലെ വീട്ടമ്മമാര്‍ നെയ്തെടുത്ത ചര്‍ക്കാങ്കിത ത്രിവര്‍ണ്ണ പതാക യൂനിറ്റികമ്മിറ്റിക്ക് ചടങ്ങില്‍ വിതരണം ചെയ്തു. ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എ ഐ സി സി സെക്രട്ടറി പി വി മോഹന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്. പി ടി തോമസ് എം എല്‍ എ , എം പിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യഹരിദാസ്, കെ പി സി സി സെക്രട്ടറി പി ഹരിഗോവിന്ദന്‍ പങ്കെടുത്തു.