National
കോണ്‍ഗ്രസ്സ് പാര്‍ട്ടി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കും; സച്ചിന്‍ പൈലറ്റ്
കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായും സച്ചിന്‍ പൈലറ്റ് പറഞ്ഞു
റായ്പൂര്‍| ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഇന്ന് ആരംഭിച്ച 85-ാമത് പ്ലീനറി സമ്മേളനത്തിന് ശേഷം കോണ്‍ഗ്രസ്സ് പാര്‍ട്ടി കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഈ സമ്മേളനത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് പുതിയൊരു സന്ദേശം എത്തും. പ്ലീനറി സമ്മേളനത്തില്‍ പാസാക്കുന്ന പ്രമേയങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കും. 2024-ലെ എന്‍ഡിഎ സര്‍ക്കാരിന്റെ് കൗണ്ട്ഡൗണ്‍ ഇതോടെ ആരംഭിച്ചു. ഇതിനുശേഷം പാര്‍ട്ടി കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരുമെന്നും പ്ലീനറി സമ്മേളനത്തിന് മുന്നോടിയായി പൈലറ്റ് പറഞ്ഞു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍, പ്രമേയങ്ങള്‍ അംഗീകരിക്കട്ടെയെന്നും അതിലൂടെ എല്ലാ ഫലങ്ങളും പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്ലീനറി സമ്മേളനത്തിന്റെ അജണ്ട തീരുമാനിക്കാന്‍ ഇന്ന് രാവിലെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നു.
ഛത്തീസ്ഗഡിലെ നവ റായ്പൂരിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 85-ാം പ്ലീനറി സമ്മേളനം നടക്കുന്നത്.