National
വഖഫ് ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ്

ന്യൂഡല്‍ഹി | വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടുമെന്നും ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് എക്സില്‍ കുറിച്ചു.
‘ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍പ്പെട്ടിട്ടുള്ള തത്വങ്ങള്‍, വ്യവസ്ഥകള്‍, സമ്പ്രദായങ്ങള്‍ എന്നിവയ്ക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ ആക്രമണങ്ങളെയും ഞങ്ങള്‍ ആത്മവിശ്വാസത്തോടെ ചെറുത്തുനില്‍ക്കും’- അദ്ദേഹം എക്‌സില്‍ വ്യക്തമാക്കി.
വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെയും മുസ്ലീം ലീഗും അടുത്ത ആഴ്ച സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്നാണ് സൂചന.വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാറും നിയമോപദേശം തേടിയിട്ടുണ്ട്.