Connect with us

Kerala

'ജമാഅത്തെ ഇസ്‌ലാമിയും എസ് ഡി പി ഐയും സ്വീകരിക്കുന്ന നിലപാടാണ് തങ്ങളുടേത്.'; ആരോപണം കൂടുതല്‍ കടുപ്പിച്ച് മുഖ്യമന്ത്രി

രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. തീവ്രവാദ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ടു വരേണ്ട. വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷ.

Published

|

Last Updated

തിരുവനന്തപുരം | വര്‍ഗീയതയോട് കോണ്‍ഗ്രസ്സിന് മൃദു നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയെ പ്രീണിപ്പിക്കുന്നതാണ് കോണ്‍ഗ്രസ്സ് നയം. ഇപ്പോഴും ആര്‍ എസ് എസുകാരനായ ഒരാളെ കോണ്‍ഗ്രസ്സിലേക്ക് സ്വീകരിച്ചു. അയാളെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച വിവാദ പ്രസ്താവനയിലും മുഖ്യമന്ത്രി വിശദീകരണം നടത്തി. പറഞ്ഞത് ലീഗ് പ്രസിഡന്റിനെ കുറിച്ചാണെന്ന് പിണറായി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി നേതാവ് സ്വീകരിക്കേണ്ട നിലപാടല്ല സാദിഖലി തങ്ങള്‍ സ്വീകരിച്ചത്. സാദിഖലിയെ കുറിച്ച് പറയേണ്ടെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ പറഞ്ഞാല്‍ നാട് അംഗീകരിക്കുമോ എന്നും പിണറായി ചോദിച്ചു. ജമാഅത്തെ ഇസ്‌ലാമിയും എസ് ഡി പി ഐയും സ്വീകരിക്കുന്ന നിലപാടാണ് തങ്ങളുടേത്. തീവ്രവാദ നിലപാടും ഭാഷയും കൊണ്ട് ഇങ്ങോട്ടു വരേണ്ട. വിമര്‍ശിക്കുന്നവരെ എതിര്‍ക്കുന്നത് തീവ്രവാദികളുടെ ഭാഷയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെന്ന മട്ടിലാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പെരുമാറുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അണികള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നെങ്കിലും മന്ത്രിക്കസേര വിട്ടൊരു കളിക്കു ലീഗ് തയ്യാറായില്ല. ആ സമയത്തു നടന്ന ഒറ്റപ്പാലം ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍, അണികളുടെ രോഷം തണുപ്പിക്കാന്‍ അന്നത്തെ പാണക്കാട് തങ്ങള്‍ എത്തിയെങ്കിലും അവര്‍ സഹകരിച്ചില്ല. അതേ സാഹചര്യമാണ് ഇപ്പോള്‍ ഒരാള്‍ കോണ്‍ഗ്രസ്സിലേക്ക് എത്തിയപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് സന്ദീപ് വാരിയരുടെ പേരെടുത്തു പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ എത്തിയയാള്‍ ഇന്നലെ വരെ സ്വീകരിച്ച നിലപാടുകള്‍ എന്തെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ ലീഗ് അണികളിലുള്‍പ്പെടെ ആശങ്കയും അമര്‍ഷവും ഉണ്ടെന്നും പിണറായി പറഞ്ഞു.

പാലക്കാട് കണ്ണാടിയില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പു കണ്‍വെന്‍ഷനിലായിരുന്നു പിണറായിയുടെ പരാമര്‍ശങ്ങള്‍.

 

 

Latest