National
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, പ്രതികരണവുമായി നേതാക്കള്‍
എ ഐ സി സി ആസ്ഥാനത്ത് പി ചിദംബരമാണ് ആദ്യ വോട്ടറായി എത്തിയത്. 19നാണ് ഫല പ്രഖ്യാപനം.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. എ ഐ സി സി ആസ്ഥാനത്ത് പി ചിദംബരമാണ് ആദ്യ വോട്ടറായി എത്തിയത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മിലാണ് മത്സരം. 19നാണ് ഫല പ്രഖ്യാപനം. പോളിങ് പുരോഗമിക്കെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരണവുമായെത്തി.
ശശി തരൂര്‍ ട്രെയിനിയല്ല, ട്രെയിനര്‍ ആണെന്ന് എം കെ രാഘവന്‍ എം പി പറഞ്ഞു. തരൂര്‍ പാര്‍ട്ടിയിലെ ട്രെയിനിയാണെന്ന കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അധ്യക്ഷ സ്ഥാനത്തേക്ക് തരൂര്‍ അനിവാര്യനാണ്. സീനിയോറിറ്റിയെ കുറിച്ച് പറയേണ്ട. പറഞ്ഞാല്‍ ഒരുപാട് പറയേണ്ടിവരും. തരൂര്‍ ജയിക്കുമെന്നും എം കെ രാഘവന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
ഭാവിയെക്കണ്ടുള്ള തീരുമാനമാണ് എല്ലാവരും എടുക്കേണ്ടതെന്ന് കെ എസ് ശബരിനാഥന്‍ പറഞ്ഞു. ആരു ജയിച്ചാലും കോണ്‍ഗ്രസിനാണ് വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ ജനാധിപത്യ ബോധമാണ് തിരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. ഖാര്‍ഗെയെ പിന്തുണക്കുന്നുവെന്ന നിലപാടില്‍ മാറ്റമില്ലെന്നും മുരളീധരന്‍ പറഞ്ഞു. മത്സരിക്കുന്ന രണ്ടുപേരും തുല്യരാണെന്നായിരുന്നു പത്മജ വേണുഗോപാലിന്റെ അഭിപ്രായം. ആരു ജയിക്കുമെന്ന് പറയാനാകില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ സന്തോഷം. മനസ്സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യുമെന്നും പത്മജ പറഞ്ഞു. മറ്റൊരു പാര്‍ട്ടിക്കും ഇത്തരമൊരു തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ലെന്ന് ജയ്‌റാം രമേശ് പറഞ്ഞു. കോണ്‍ഗ്രസ് ശക്തമായ ജനാധിപത്യ ബോധമുള്ള പാര്‍ട്ടിയാണ്. മികച്ച രീതിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഭാവി പാര്‍ട്ടിക്കാര്‍ തീരുമാനിക്കട്ടെ: തരൂര്‍
പാര്‍ട്ടിയുടെ ഭാവി പാര്‍ട്ടിക്കാര്‍ തീരുമാനിക്കട്ടെയെന്ന് സ്ഥാനാര്‍ഥി ശശി തരൂര്‍. തിരഞ്ഞെടുപ്പില്‍ നല്ല പ്രതീക്ഷയുണ്ട്. 10 സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തിയിട്ടുണ്ട്. ഗാന്ധി കുടുംബം നിഷ്പക്ഷമാണ്. കേരളത്തില്‍ തനിക്ക് മികച്ച ഭൂരിപക്ഷം കിട്ടുമെന്നും തരൂര്‍ പറഞ്ഞു. തരൂര്‍ എ ഐ സി സി ആസ്ഥാനത്തെത്തി വോട്ട് ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടക പി സി സിയിലും വോട്ട് രേഖപ്പെടുത്തി.