Connect with us

National

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഇന്ന് തിരഞ്ഞെടുപ്പ്; 9,308 വോട്ടര്‍മാര്‍, 68 ബൂത്തുകള്‍

28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തുക.

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് പോളിങ്. 19 നാണ് ഫലപ്രഖ്യാപനം. 9,308 വോട്ടര്‍മാരാണ് വോട്ടര്‍ പട്ടികയിലുള്ളത്. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തുക.

രാജ്യത്താകെ 68 പോളിങ് ബൂത്തുകളാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് അതോറിറ്റി സജ്ജമാക്കിയിട്ടുള്ളത്. കേരളത്തില്‍ കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. രണ്ട് ബൂത്തുകളാണ് ഇവിടെയുള്ളത്.
യു പിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്-1,238. ആറ് ബൂത്തുകളാണ് ഇവിടെ തയാറാക്കിയിരിക്കുന്നത്.

സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എ ഐ സി സി ആസ്ഥാനത്തെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 46 പേര്‍ കര്‍ണാടകയിലെ ബെല്ലാരിയിലും വോട്ട് ചെയ്യും.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ശശി തരൂര്‍ എന്നിവരാണ് എ ഐ സി സി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ രഹസ്യ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കാണ്. കേരളത്തില്‍ നിന്ന് പല നേതാക്കളും ഖാര്‍ഗെക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, യുവജനങ്ങളില്‍ നിരവധി പേര്‍ തരൂരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് തരൂരിന്റെ പ്രതീക്ഷ.

22 വര്‍ഷത്തിന് ശേഷമാണ് വോട്ടെടുപ്പിലൂടെ അധ്യക്ഷനെ കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നത്. സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ഒന്ന് എന്ന് എഴുതണം എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബാലറ്റില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് ആദ്യം വരുന്നതിനാല്‍ ഇതിനെതിരെ തരൂര്‍ ക്യാമ്പ് പ്രതിഷേധമുയര്‍ത്തി. ഇതേ തുടര്‍ന്ന് ടിക് മാര്‍ക്കിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

 

 

Latest