Connect with us

aicc president election

കോണ്‍ഗ്രസ് പ്രസിഡന്റ്: ഡല്‍ഹി കേന്ദ്രീകരിച്ച് അനുനയ നീക്കങ്ങളും ചര്‍ച്ചകളും സജീവമാകുന്നു

കെ സി വേണുഗോപാലിനെ സോണിയ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു; ജോഡോ യാത്രക്കിടെ രാഹുലും ഡല്‍ഹിയിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി ‌ പുതിയ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് ഉറപ്പായിരിക്കെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയാ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. വരും ദിവസങ്ങളില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് തിരക്കിട്ട ചര്‍ച്ചകളും അനുനയ നീക്കങ്ങളും നടക്കും. കോണ്‍ഗ്രസ് വോട്ടര്‍ പട്ടികയും ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഭാരത് ജോഡോ യാത്രയുടെ ചുമതലയുമായി ഇപ്പോള്‍ കേരളത്തിലുള്ള കെ സി വേണുഗോപാലിനോട് അടിയന്തരമായി ഡല്‍ഹിയിലെത്താനാണ് സോണിയ ആവശ്യപ്പെട്ടിരിക്കുന്നത്. ജോഡോ യാത്രക്ക് താത്കാലിക വിശ്രമം അനുവദിച്ച് രാഹുല്‍ ഗാന്ധിയും വെള്ളിയാഴ്ച ഡല്‍ഹിയിലേക്ക് പോകും.

രാഹുല്‍ വീണ്ടും എ ഐ സി സി അധ്യക്ഷനാകാണെന്ന് ഭൂരിഭാഗം പി സി സികളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രാഹുല്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. എന്നാല്‍ രാഹുലുമായി വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ നടക്കും. രാഹുല്‍ ഒടുവില്‍ സമ്മര്‍ദത്താല്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ എതിര്‍ക്കാനാണ് ജി23 തീരുമാനം. രാഹുല്‍ പ്രസിഡന്റായാല്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് ജി23യുടെ ഭാഗമായ ശശി തരൂര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ തരൂര്‍ പിന്‍മാറിയാല്‍ മനീഷ് തിവാരി രാഹുലിനെതിരെ മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നെഹ്‌റു കുടുംബത്തിന് പുറത്തുള്ളവര്‍ പ്രസിഡന്റാകണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇവര്‍.
രാഹുല്‍ ഇല്ലെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മത്സരിപ്പിക്കാനാണ് ഔദ്യോഗിക തീരുമാനം. അങ്ങനെ വന്നാല്‍ മത്സര രംഗത്തുണ്ടാകുമെന്ന് ശശി തരൂര്‍ ഇതിനകം സൂചന നല്‍കിക്കഴിഞ്ഞു.

ശശി തരൂര്‍ ഇന്നലെ സോണിയ ഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍ മത്സരിക്കുന്നതിന് അശോക് ഗെലോട്ട് ഉപാധിവെച്ചതായാണ് വിവരം. താന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറിയാല്‍ തന്റെ വിശ്വസ്തന ആ സ്ഥാനം നല്‍കണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കരുതെന്നും അദ്ദേഹം ഉപാധിവെച്ചിട്ടുണ്ട്.

അതേസമയം ശശി തരൂര്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായതോടെ കേരളത്തില്‍ നിന്ന് വ്യാപക എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കെ മുരളീധരനും രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും എതിര്‍പ്പ് പരസ്യമാക്കി ഇന്ന് രംഗത്തെത്തിയിരുന്നു.