National
രണ്ടാം ഭാരത് ജോഡോ യാത്രക്ക് ഒരുങ്ങി കോൺഗ്രസ്; ഭാരത് ന്യായ് യാത്ര മണിപ്പൂരിൽ നിന്ന് മുംബൈയിലേക്ക്
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
ന്യൂഡൽഹി | രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വിജയത്തിൽ ആവേശഭരിതരായ കോൺഗ്രസ് രണ്ടാം യാത്ര നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി. മണിപ്പൂരിൽ നിന്ന് മുംബൈയിലേക്കാണ് ഇത്തവണ യാത്ര. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര 6200 കിലോമീറ്റർ ദൂരമാണ് പിന്നിടുക. ഭാരത് ന്യായ് യാത്ര എന്ന പേരിലാകും ഇത്തവണ യാത്രയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെ ഫ്ലാഗ് ഓഫ് ചെയ്യുന്ന യാത്ര 14 സംസ്ഥാനങ്ങളിലായി 85 ജില്ലകളിലൂടെ പര്യടനം നടത്തും. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര ജില്ലകളിലൂടെയാകും മാർച്ച്. മാർച്ച് 20ന് യാത്ര അവസാനിക്കും.
മാർച്ച് 20ന് യാത്ര അവസാനിക്കുംഭാരത് ജോഡോ യാത്ര പൂര്‍ണ്ണമായും പദയാത്രയായിരുന്നെങ്കില്‍ ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു. ഇടക്ക് പദയാത്രയും ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ഭാരത് ജോഡോ യാത്ര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2022 സെപ്റ്റംബർ 7-ന് ആരംഭിച്ച ഈ യാത്ര ഏകദേശം 5 മാസത്തോളം നീണ്ടുനിന്നു. ഭാരത് ജോഡോ യാത്രയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതൽ കാശ്മീർ വരെ നടന്നു. ഏകദേശം 3500 കിലോമീറ്ററാണ് ഈ യാത്രയിലൂടെ കോൺഗ്രസ് പിന്നിട്ടത്.
ഭാരത് ജോഡോ യാത്രക്ക് പിന്നാലെ നടന്ന കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്ജ്വലവിജയം നേടിയിരുന്നു. എന്നാൽ അടുത്തിടെ നടന്ന 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തോൽവിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ പൊതു തിരഞ്ഞെടുപ്പിന് മുമ്പായി രാഹുൽഗാന്ധിയുടെ ഒരു യാത്ര കൂടി വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ ഭാരത് ജോഡോ യാത്രയ്ക്ക് ഇനി സമയമില്ലെന്നും പൊതു തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾക്കാണ് മുൻഗണന നൽകേണ്ടത് എന്നുമുള്ള അഭിപ്രായവും പാർട്ടിയിൽ ഉണ്ട്.