Connect with us

adhir ranjan chaudari

മമതാ ബാനര്‍ജി ബി ജെ പി പക്ഷത്തേക്ക് നീങ്ങുമെന്ന് പറഞ്ഞ അധീര്‍ രഞ്ജന്‍ ചൗധരിയെ തള്ളി കോണ്‍ഗ്രസ്

പാര്‍ട്ടി നിലപാടില്‍ സംസ്ഥാന അധ്യക്ഷന്‍ തീരുമാനമെടുക്കേണ്ടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Published

|

Last Updated

ബംഗാള്‍ | മമതാ ബാനര്‍ജി തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പി പക്ഷത്തേക്ക് നീങ്ങുമെന്ന് പറഞ്ഞ ബംഗാള്‍ പി സി സി അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ തള്ളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

ഇന്‍ഡ്യ മുന്നണിയെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിശ്വാസമില്ലെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന അധ്യക്ഷന്‍ തീരുമാനമെടുക്കേണ്ടെന്നും മമത ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമാണെന്നും ഖാര്‍ഗെ പറഞ്ഞു.

ഇന്‍ഡ്യ സഖ്യം രൂപീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും സഖ്യത്തിന് പേര് നല്‍കിയതും താനാണെന്നും ബംഗാളില്‍ കോണ്‍ഗ്രസും സി പി എമ്മും സീറ്റ് ധാരണയില്‍ വിട്ട് വീഴ്ചക്ക് തയ്യാറാവാത്തതാണെന്ന് സഖ്യത്തിനൊപ്പമില്ലാതെ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം പുറത്ത് നിന്ന് പിന്തുണ നല്‍കുമെന്നുമായിരുന്നു തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ച് മമത പറഞ്ഞത്.

എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ കൈവിടുമോ എന്ന ഭയത്തില്‍ നിന്നാണ് മമത ഇന്ത്യാ സഖ്യത്തെ പിന്‍തുണക്കുമെന്നു പ്രഖ്യാപിച്ചതെന്നും രാഷ്ട്രീയ സഖ്യത്തില്‍ വ്യക്തമായ നിലപാടുകള്‍ ഇല്ലാത്ത ആളാണ് മമതയെന്നുമാണ് ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് സഖ്യം വിലയിരുത്തുന്നത്. ബംഗാളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന് സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായിരിക്കും.