Kerala
മന്ത്രി വീണ ജോര്‍ജിനെ നോക്കുകുത്തിയാക്കി ഭര്‍ത്താവ് വകുപ്പ് ഭരിക്കുന്നുവെന്ന് കോണ്‍ഗ്രസ്
മന്ത്രിയുടെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും ഡി സി സി
പത്തനംതിട്ട | ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ നോക്കുകുത്തിയാക്കി ഭര്‍ത്താവ് ജോര്‍ജ് ജോസഫ് വകുപ്പ് ഭരിക്കുന്നതായി കോണ്‍ഗ്രസ്. ആരോഗ്യവകുപ്പില്‍ നടക്കുന്ന താല്‍ക്കാലിക നിയമനങ്ങളിലും, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വഴി നടക്കുന്ന പര്‍ച്ചേസ് നടപടികളിലും ഇടപെടുന്ന ഭര്‍ത്താവ് മന്ത്രിയെ നോക്കുകുത്തിയാക്കി വകുപ്പ് ഭരിക്കുകയാണെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും പത്തനംതിട്ട ഡി സിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ഇതിന് പുറമേ, മന്ത്രി വീണ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് കിഫ്ബി, പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ്. തന്റെ ഉടമസ്ഥതയില്‍ കൊടുമണ്ണിലുള്ള കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ഏഴംകുളം-കൈപ്പട്ടൂര്‍ റോഡിന്റെ ഓടയുടെ ഗതി മാറ്റിയ നടപടി മറച്ചുവക്കുന്നതിനാണ് ജോര്‍ജ് ജോസഫിന്റെ ശ്രമമെന്നും സതീഷ് കൊച്ചുപറമ്പില്‍ ആരോപിച്ചു. സ്വകാര്യ സര്‍വേ സ്ഥാപനത്തിന്റെ സഹായത്തോടെ ഗുണ്ടകളുടെ അകമ്പടിയോടെ കോണ്‍ഗ്രസിന്റെ കൊടുമണ്ണിലെ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം അളപ്പിക്കുവാന്‍ ശ്രമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏഴംകുളം-കൈപ്പട്ടൂര്‍ റോഡില്‍ നടക്കുന്ന റോഡ് പണിയില്‍ മന്ത്രിയും ഭര്‍ത്താവും നടത്തുന്ന വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സി പി എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരനും സ്ഥലം എം എല്‍ എ കൂടിയായ ഡപ്യൂട്ടി സ്പീക്കറും എതിര്‍പ്പ് ഉന്നയിച്ചിട്ടും സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ഒത്താശയോടെയുള്ള മന്ത്രിയുടെയും ഭര്‍ത്താവിന്റെയും അനധികൃത ഇടപെടലുകള്‍ക്കും നടപടികള്‍ക്കും പിന്നില്‍ സംശയം ജനിപ്പിക്കുന്നതാണെന്നും ഡി സി സി പ്രസിഡന്റ് പറയുന്നു.
നിയമപരമായ എല്ലാ നടപടികളുമായും കോണ്‍ഗ്രസ് സഹകരിക്കുമെന്നും എന്നാല്‍ മന്ത്രിയുടെ ഭര്‍ത്താവിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ എന്ത് വിലകൊടുത്തും എതിര്‍ക്കുമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.