Kerala
കോണ്‍ഗ്രസ് അവരുടെ അണികള്‍ക്കല്ല, മറിച്ച് നേതാക്കള്‍ക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടത്: തോമസ് ഐസക്
അധികാരത്തിനുവേണ്ടി ഇന്നലെവരെ പറഞ്ഞ കാര്യങ്ങള്‍ തള്ളിപറഞ്ഞുകൊണ്ട് മറുകണ്ടം ചാടാന്‍ മടിയില്ലാത്തവരായും കോണ്‍ഗ്രസ് മാറിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തിരുവനന്തപുരം | പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്ന സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് ഡോ തോമസ് ഐസക് രംഗത്ത്. അധികാരമില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഉള്ളതെന്നാണ് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചത്. അധികാരത്തിനുവേണ്ടി ഇന്നലെവരെ പറഞ്ഞ കാര്യങ്ങള്‍ തള്ളിപറഞ്ഞുകൊണ്ട് മറുകണ്ടം ചാടാന്‍ മടിയില്ലാത്തവരായും കോണ്‍ഗ്രസ് മാറിയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നൂറുകണക്കിന് കോണ്‍ഗ്രസ് നേതാക്കളാണ് പല ഘട്ടങ്ങളിലായി ബിജെപിയിലേക്ക് പോയതെന്നും നിലവിലുള്ള ബിജെപി നേതാക്കന്മാരില്‍ നല്ലൊരുപങ്കും മുന്‍ കോണ്‍ഗ്രസുകാരാണെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിനുവേണ്ടി എന്തും ചെയ്യുന്ന സംസ്‌കാരം കോണ്‍ഗ്രസിനെ എത്തിച്ചത് അവര്‍ക്കുതന്നെ കരകയറാനാവാത്ത ഗര്‍ത്തത്തിലാണെന്നും തോമസ് ഐസക് പറഞ്ഞു. ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന നിലയില്‍ കോണ്‍ഗ്രസ്സ് എന്ത് നിലപാടാണ് അവരെ പഠിപ്പിച്ചിട്ടുള്ളത് എന്നും ഐസക് ചോദിച്ചു. കോണ്‍ഗ്രസ് അവരുടെ അണികള്‍ക്കല്ല, മറിച്ച് നേതാക്കള്‍ക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ടതെന്നും ഐസക് ചൂണ്ടികാട്ടി. കോണ്‍ഗ്രസ് വിട്ടവരുടെ കണക്കുകളും ഫേയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം തോമസ് ഐസക്ക് പങ്കുവെച്ചിരുന്നു.