Connect with us

National

കര്‍ണാടകയിലും കരുത്തറിയിച്ച് കോണ്‍ഗ്രസ്; ദയനീയ പരാജയവുമായി ബിജെപി

രാഷ്ട്രീയ ശ്രദ്ധകേന്ദ്രമായിരുന്ന ചന്നപട്ടണ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി ദയനീയമായി പരാജയപ്പെടുകയായിരുന്നു

Published

|

Last Updated

ബെംഗളുരു |  കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും മിന്നും വിജയവുമായി കോണ്‍ഗ്രസ്. ബി ജെ പി -ജെ ഡി യു സഖ്യത്തിന്റെ രണ്ട് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് കോണ്‍ഗ്രസ് കരുത്തുകാട്ടിയത്. രാഷ്ട്രീയ ശ്രദ്ധകേന്ദ്രമായിരുന്ന ചന്നപട്ടണ മണ്ഡലത്തില്‍ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി ദയനീയമായി പരാജയപ്പെടുകയായിരുന്നു. ചന്നപട്ടണയില്‍ നിഖില്‍ കുമാരസ്വാമി ഇരുപത്തി അയ്യായിരത്തിലധികം വോട്ടുകള്‍ക്കാണ് തോറ്റത്.

സഖ്യമില്ലാതെ മത്സരിച്ച കഴിഞ്ഞ വര്‍ഷത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ എച്ച് ഡി കുമാരസ്വാമി പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലത്തിലാണ് മകന്‍ തോറ്റമ്പിയത്. അന്ന് ബിജെപി സ്ഥാനാര്‍ഥി ആയിരുന്ന സി പി യോഗേശ്വരയെ സ്വന്തം പാളയത്തില്‍ എത്തിച്ചാണ് കോണ്‍ഗ്രസ് തട്ടകം പിടിച്ചത്.

 

മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ മണ്ഡലമായ ഷിഗ്ഗാവും ബിജെപിക്ക് നഷ്ടമായി. മകന്‍ ഭരത് ബൊമ്മെയെ ജയിപ്പിച്ചെടുക്കാന്‍ പാര്‍ട്ടിക്കായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബസവരാജ് ബൊമ്മെ മുപ്പത്തി അയ്യായിരത്തിലധികം ഭൂരിപക്ഷം നേടിയ മണ്ഡലമാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഭൂരിപക്ഷം കുത്തനെ കുറഞ്ഞെങ്കിലും സിറ്റിങ് സീറ്റായ സന്ദൂര്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി. മൂഡ ഭൂമി കുംഭകോണ കേസ് സജീവ ചര്‍ച്ചയാകുന്നതിനിടെ നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കാനായത് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആശ്വാസമാണ്. തുടര്‍ ഭരണത്തിന്റെ സാധ്യതകളിലേക്കാണ് ഫലസൂചനകള്‍ എത്തുന്നത്.