Connect with us

Kerala

കോണ്‍ഗ്രസ് വോട്ടിന് വേണ്ടി അവസരവാദസമീപനം സ്വീകരിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ല

Published

|

Last Updated

ചേലക്കര | കോണ്‍ഗ്രസ് വോട്ടിന് വേണ്ടി അവസരവാദസമീപനം സ്വീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ചേലക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്തസമീപനം സർക്കാരും എൽഡിഎഫും സ്വീകരിക്കുമ്പോൾ അതിനൊപ്പം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല.സുധാകരനെയും പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു.കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് വെച്ചു. ഒരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പരസ്യമായി പറഞ്ഞു. കേരളം വര്‍ഗീയതയില്ലാത്ത നാടല്ല എന്നാല്‍ വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ലയില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം പിടികൂടിയെന്നതിനെ ജില്ലയ്ക്കെതിരായ നീക്കമായി ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലാണ് കോഴിക്കോട് വിമാനത്താവളമുള്ളത്. ഒരുപാട് ആളുകള്‍ ആശ്രയിക്കുന്ന വിമാനത്താവളമാണത്.
ഏതുജില്ലയില്‍ നിന്നാണോ പിടികൂടുന്നത് അവിടെ പിടികൂടി എന്നരീതിയിലാണ് കണക്ക് പുറത്തുവരിക.3 വര്‍ഷമെടുത്താല്‍ 147 കിലോ സ്വര്‍ണം പിടികൂടി. അതില്‍ 124 കിലോ സ്വര്‍ണം മലപ്പുറം ജില്ലയിലാണ് പിടികൂടിയത്. സ്വാഭാവികമായിട്ടും ആ ജില്ലയില്‍ നിന്ന് പിടികൂടിയാല്‍ ആ ജില്ലയില്‍ നിന്ന് പിടികൂടി എന്നാണ് കണക്ക് വരുക. മലപ്പുറത്തിന് എതിരെ എന്തിന് വ്യാജപ്രചാരണമെന്നും മുഖ്യമന്ത്രി ചോദിച്ചു.കുറ്റകൃത്യത്തെ കുറ്റകൃത്യമായി കാണണം.നിയമവിരുദ്ധപ്രവര്‍ത്തനം അനുവദിക്കില്ല. ഇത് സമുദായത്തിന്റെ തലയില്‍ വെക്കേണ്ടതില്ലെന്നും ആര്‍എസ്എസ് വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കുന്നതു കൊണ്ടാണ് വര്‍ഗീയ സംഘര്‍ഷം ഇല്ലാത്തത്. അവിടെയാണ് എല്‍ഡിഎഫ് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാകുന്നത്.
മതനിരപേക്ഷത അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു. തൃശ്ശൂരില്‍ കോണ്‍ഗ്രസിന്റെ 87000 വോട്ട് ചോര്‍ന്നു. ആ വോട്ട് ബിജെപിയുടെ ജയത്തിന് വഴിയൊരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Latest