Kerala
20 സീറ്റിലും ജയിക്കാൻ കോൺഗ്രസ്സ് ; പ്രചാരണ തന്ത്രങ്ങളില്‍ മാറ്റം
സോഷ്യല്‍ മീഡിയാ സ്വാധീനം വര്‍ധിപ്പിക്കും
കൊച്ചി | ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളിലും ജയിച്ചു കയറുകയെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രചാരണ തന്ത്രങ്ങളില്‍ അടിമുടി മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്സ്. ഭവന സന്ദര്‍ശനങ്ങളിലും കുടുംബയോഗങ്ങളിലും ഇക്കുറി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
കോണ്‍ഗ്രസ്സിന് മിന്നുന്ന നേട്ടം സമ്മാനിച്ച കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ഭവന സന്ദര്‍ശനവും കുടുംബ യോഗങ്ങളും വിജയ സാധ്യതയെ വളരെയധികം തുണച്ചിട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. സാധാരണ ഗതിയില്‍ വാഹന പ്രചാരണ യാത്രകളിലാണ് കോണ്‍ഗ്രസ്സ് നേരത്തേ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഇനി അവ ഒഴിവാക്കി ഭവന സന്ദര്‍ശനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല പതിവായി പരീക്ഷിക്കാത്ത പ്രചാരണ മാര്‍ഗങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും നേതാക്കള്‍ പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൃത്യമായി വോട്ടര്‍മാരെ ധരിപ്പിക്കാനും പരമാവധി വോട്ടുകള്‍ യു ഡി എഫിന് അനുകൂലമാക്കാനുമാണ് നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ എല്ലാ ജില്ലകളിലും ബൂത്ത് കമ്മിറ്റികള്‍ രൂപവത്കരിച്ചു കഴിഞ്ഞു. 14 ജില്ലകളിലും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുത്ത ആദ്യഘട്ട കണ്‍വെന്‍ഷനുകളും പൂര്‍ത്തിയായി. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായുള്ള അവലോകന യോഗങ്ങളും ജില്ലാ തലത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മുസ്്ലിം ലീഗുമായുള്ള സീറ്റ് ധാരണ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
സോഷ്യല്‍ മീഡിയ പ്രചാരണവും ശക്തിപ്പെടുത്തും. കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിന് കീഴില്‍ പ്രത്യേക സംഘത്തെ ഇതിനായി സജ്ജമാക്കിക്കഴിഞ്ഞു. ഓരോ വാര്‍ഡിലും നാല് പേരെ തിരഞ്ഞെടുത്താണ് പരിശീലനം നല്‍കുന്നത്. സോഷ്യല്‍ മീഡിയ ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം ലോക്സഭാ മണ്ഡലത്തിലും സജീവമാക്കും. പാര്‍ട്ടിയുടെ റിസര്‍ച്ച് ആൻഡ് പോളിസി വിഭാഗവുമായി സഹകരിച്ച് മികച്ച കണ്ടന്റുകള്‍ തയ്യാറാക്കും. സിറ്റിംഗ് എം പിമാര്‍ക്കെതിരായ നെഗറ്റീവ് ക്യാമ്പയിനുകളെ വസ്തുതകള്‍ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാനും നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും നിര്‍ദേശമുണ്ട്. സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടാനും സോഷ്യല്‍ മീഡിയ വഴി ശ്രമിക്കും.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളം ജില്ലയില്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി യോഗം എ ഗ്രൂപ്പ് ബഹിഷ്‌കരിച്ചു. തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു ആന്റണി വിളിച്ച് കൂട്ടിയ യോഗമാണ് ഒരു വിഭാഗം ബഹിഷ്‌കരിച്ചത്. മണ്ഡലം പ്രസിഡന്റ് എം എസ് അനില്‍കുമാറിനെ മാറ്റി പകരം നിയമിച്ച ബാബു ആന്റണിയെ തങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.