Kerala
റിപ്പബ്ലിക് ദിനം കേരളത്തില്‍ കോണ്‍ഗ്രസ് അംബേദ്കര്‍ ദിനമായി ആചരിക്കും; കെ സുധാകരന്‍ എം പി
അമിത് ഷാ രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം

തലശ്ശേരി | ഭരണഘടനാ ശില്‍പി ഡോ ബി ആര്‍ അംബേദ്കറോടുള്ള ആദരസൂചകമായി റിപ്പബ്ലിക് ദിനം ബി ആര്‍ അംബേദ്കര്‍ ദിനമായി കോണ്‍ഗ്രസ് ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ച് ചരിത്രം വളച്ചൊടിക്കാന്‍ അമിത്ഷായും ബിജെപിയും ശ്രമിക്കുന്നകതില്‍ പ്രതിഷേധിച്ച് ആധരസൂചകമായാണ് ജയ് ഭീം അംബ്ദ്കര്‍ സമ്മേളനം സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവനയക്കെതിരേയും രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസെടുത്തതിനുമെതിരെ തലശേരി ടൗണില്‍ മണ്ഡലം കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിത് ഷായുടെ അംബേദ്ക്കര്‍ വിരുദ്ധ പരാമര്‍ശനത്തിനെതിരെ സമാധാനപരമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയേയും കയ്യേറ്റം ചെയ്തത് ബിജെപി എംപിമാരാണ്. എന്നാല്‍ ബിജെപി എംപിമാര്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാതി കൊടുത്തു. രാഹുല്‍ ഗാന്ധിയെ നിശബ്ദമാക്കാനാണ് കൂറെ കാലങ്ങളായി ബിജെപി ശ്രമിക്കുന്നത്. അങ്ങനെ ബിജെപി ശ്രമിച്ചാല്‍ തകര്‍ക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല രാഹുല്‍ ഗാന്ധിയുടേത്. അംബേദകറെ അധിക്ഷേപിച്ചതില്‍ അമിത്ഷാക്കെതിരെ ഉയരുന്ന ജനരോഷത്തിന്റെ ശ്രദ്ധ തിരിച്ച് വിടാനാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി വ്യാജ ആരോപണം ഉന്നയിച്ചതെന്നും കെ.സുധാകരന്‍ പറഞ്ഞു.
അംബേദ്കര്‍ക്ക് വേണ്ടി ശബ്ദിച്ചതിന് രാഹുല്‍ ഗാന്ധിയുടെ പേരില്‍ കേസെടുക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അതിനെ തന്റേടത്തോടെ നേരിടും.അംബേദ്കറെയും ഇന്ത്യന്‍ ഭരണഘടനയെയും ഏറെ ബഹുമാനിക്കുന്ന ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയതിന് ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും മന്ത്രിസ്ഥാനം രാജിവെക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.