Kerala
കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തും, യു ഡി എഫ് വിപുലീകരിക്കും: ചിന്തന്‍ ശിബിര പ്രഖ്യാപനം
രാജ്യത്ത് സംഘ്പരിവാര്‍ അധിനിവേശം അപകടകരമായ വിധത്തിലാണ്. കേരളത്തില്‍ സി പി എം, സംഘ്പരിവാര്‍ നയങ്ങള്‍ ഏറ്റെടുക്കുകയാണ്. സംഘ്പരിവാര്‍ ആശയങ്ങളെ ചെറുത്തു തോല്‍പ്പിക്കും.
![](https://assets.sirajlive.com/2022/07/chintan-828x538.gif)
കോഴിക്കോട് | കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുമെന്നും യു ഡി എഫ് വിപുലീകരിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കോഴിക്കോട്ട് നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട പ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കെ പി സി സി പുനസ്സംഘടന ഉടന്‍ പൂര്‍ത്തിയാക്കും. ജില്ലാ-മണ്ഡലം തലങ്ങളില്‍ സമിതികളെ നിയോഗിക്കും. ഇവയില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പങ്കാളിത്തം ഉറപ്പാക്കും. പാര്‍ട്ടി സ്വയം നവീകരിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തും. പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പരിശീലനം നല്‍കും. പാവപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തും. തൊഴിലാളി സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കും.
രാജ്യത്ത് സംഘ്പരിവാര്‍ അധിനിവേശം അപകടകരമായ വിധത്തിലാണെന്നും സുധാകരന്‍ പറഞ്ഞു. ബി ജെ പി ഹിന്ദുത്വ ആശയത്തിലൂടെ പ്രകടമായ വര്‍ഗീയത പ്രചരിപ്പിക്കുന്നു. വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. കേരളത്തില്‍ സി പി എം, സംഘ്പരിവാര്‍ നയങ്ങള്‍ ഏറ്റെടുക്കുകയാണ്. മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. സംഘ്പരിവാര്‍ ആശയങ്ങളെ ചെറുത്തു തോല്‍പ്പിക്കും.
സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുരുതര ആരോപണം നേരിടുകയാണ്. കിഫ്ബി സംസ്ഥാനത്തിന് ബാധ്യതയും ആത്മഹത്യക്കുള്ള തൂക്കുകയറുമാണ്. കോണ്‍ഗ്രസിനെതിരെ രാജ്യത്തും സംസ്ഥാനത്തും വേട്ടയാടല്‍ നടക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.