National
മോദി ഭരണത്തെ പ്രകീര്‍ത്തിച്ച് വീണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍
കോവിഡ് സമയത്ത് ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്ന് ദി വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു

ന്യൂഡല്‍ഹി | നരേന്ദ്രമോദി സര്‍ക്കാറിനെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. കോവിഡ് സമയത്ത് സഹായ ഹസ്തം നീട്ടിയതിലൂടെ ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്ന് ദി വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ തരൂര്‍ പറഞ്ഞു.
കോവിഡ് 19 കാലത്ത് വാക്‌സീന്‍ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തി. നിര്‍ണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ചെയ്യാത്ത നിലയില്‍ 100 ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സീന്‍ നല്‍കി. സഹായഹസ്തം നീട്ടിയതിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറി.ഇങ്ങനെയാണ് ശശി തരൂരിന്റെ പ്രശംസ. തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബി ജെ പി രംഗത്ത് വന്നു. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്ന് ബി ജെ പി വക്താവ് ഷെഹ്‌സാദ് പുനെവാലെ പ്രതികരിച്ചു.
അമേരിക്കന്‍ സന്ദര്‍ശനത്തിലെ മോദിയുടെ മികവ്, റഷ്യ യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ മോദി സ്വീകരിച്ച നയതന്ത്രം എന്നിവയെ പുകഴ്ത്തിയതിനു പിന്നാലെയാണ് തരൂര്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സീന്‍ നയത്തെയും പ്രകീര്‍ത്തിച്ചു രംഗത്തുവന്നത്. പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയുന്നില്ലെങ്കിലും ലേഖനത്തിന്റെ ലക്ഷ്യം വ്യക്തം. കൊവിഡ് ലോക്ക് ഡൗണിന്റെ അഞ്ചാം വാര്‍ഷികത്തിലെഴുതിയ ലേഖനത്തില്‍ ആരോഗ്യ നയതന്ത്രത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ വിശ്വാസ്യതയുള്ള പങ്കാളിയായി മാറിക്കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടുന്നു. നൂറിലധികം രാജ്യങ്ങളില്‍ വാക്‌സീനെത്തിച്ച് സഹായ ഹസ്തം നീട്ടി. വാക്‌സീന്‍ മൈത്രിക്ക് 2021 ജനുവരിയില്‍ തുടക്കമിട്ട ഇന്ത്യ വാക്‌സീന്‍ ആവശ്യമുള്ള ഒരു രാജ്യത്തേയും നിരാശരാക്കിയില്ല.
മോദി ആവര്‍ത്തിച്ചിരുന്ന വസുധൈവ കുടുംബകം എന്ന മുദ്രാവാക്യവും അയല്‍ക്കാരന് ആദ്യമെന്ന നയവും ലേഖനത്തില്‍ തരൂര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഏത് പ്രതിസന്ധിയിലും വിശ്വസിക്കാവുന്ന ശക്തിയെന്ന മേല്‍വിലാസം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുക നിസാരമല്ലെന്ന് കൂടി ലേഖനത്തില്‍ തരൂര്‍ പറയുന്നു.രാഹുല്‍ ഗാന്ധിയുടെ മോദി വിരുദ്ധതയല്ല രാജ്യതാല്‍പര്യമാണ് വലുതെന്ന് തരൂര്‍ അടിവരയിടുകയാണെന്ന് ബി ജെ പി വക്താവ് ഷെഹ്‌സാദ് പുനെവാല പ്രതികരിച്ചു.