Kerala
കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനു വേണ്ടി; ബി ജെ പി രാജ്യത്തിനും: അനില്‍ ആന്റണി
വൈകിട്ട് 5.30ന് വാര്‍ത്താ സമ്മേളനം വിളിച്ച് എ കെ ആന്റണി.
ന്യൂഡല്‍ഹി | ബി ജെ പിയില്‍ അംഗത്വം സ്വീകരിച്ചതിനു പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് അനില്‍. കോണ്‍ഗ്രസ് ഒരു കുടുംബത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ബി ജെ പി രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
ബി ജെ പിയില്‍ സാധാരണ പ്രവര്‍ത്തകനായി നില്‍ക്കും. മറ്റ് താത്പര്യങ്ങളില്ല. പ്രധാന മന്ത്രിയുടെ കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കുമെന്നും അനില്‍ ആന്റണി പറഞ്ഞു.
പിതാവ് എ കെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചയാളാണ്. ഇപ്പോള്‍ അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയാണ്. താന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന വ്യക്തിയാണ് പിതാവെന്നും ബി ജെ പിയില്‍ ചേരുന്നത് ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും അനില്‍ പറഞ്ഞു.
മകന്‍ ബി ജെ പിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കുന്നതിനായി എ കെ ആന്റണി ഇന്ന് വൈകിട്ട് 5.30ന് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലില്‍നിന്നാണ് അനില്‍ ബി ജെ പി അംഗത്വം സ്വീകരിച്ചത്. ബി ജെ പിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.
ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി ബി സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അനില്‍ കോണ്‍ഗ്രസുമായി അകന്നിരുന്നു. അനിലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തു വരികയും ചെയ്തു. ഇതേ തുടര്‍ന്ന് എ ഐ സി സി, കെ പി സി സി മീഡിയ സെല്ലിന്റെ ചുമതലകള്‍ അനില്‍ ഒഴിഞ്ഞിരുന്നു.