konni thaluk office tour
കോന്നി കൂട്ട അവധി: കലക്ടറുടെ റിപോര്‍ട്ട് 15നകം
എ ഡി എം, ഡപ്യൂട്ടി കലക്ടര്‍ എന്നിവര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടായേക്കും
പത്തനംതിട്ട | കൂട്ട അവധിയെടുത്ത് കോന്നി താലൂക്കിലെ ജീവനക്കാര്‍ നടത്തിയ വിവാദമായ വിനോദയാത്ര സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നല്‍കുന്ന റിപോര്‍ട്ട് നിര്‍ണായകമാകും. വിഷയത്തില്‍ കോന്നി എം എല്‍ എ ജനീഷ്‌കുമാറും അവധിയെടുത്ത ജീവനക്കാരില്‍ ചിലരും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങിയതോടെ തുടര്‍നടപടികളെന്തെന്ന ചോദ്യമാണ് ഉയരുന്നത്. ഇതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം നല്‍കാനാണ് കലക്ടര്‍ക്ക് മന്ത്രി കെ രാജന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഉത്തരവാദികളായവര്‍ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. സംഭവത്തില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പറഞ്ഞ മന്ത്രി കോന്നിയിലുണ്ടായത് ഗുരുതരമായ കാര്യമായാണ് കാണുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ജീവനക്കാരുടെ വിനോദയാത്രയില്‍ എല്‍ ഡി എഫിനുള്ളിലെ പ്രധാന കക്ഷികള്‍ക്കിടയിലുള്ള പ്രാദേശികമായി ചേരിപ്പോരിന് കാരണമായിരിക്കുന്നത്. ജീവനക്കാരുടെ അവധിയെടുക്കാനുള്ള നടപടിയെ പിന്തുണച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണവും ഈക്കാര്യത്തില്‍ നിര്‍ണായകമാകും.
ഇതിനിടയിലാണ് കോന്നി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡപ്യൂട്ടി തഹസില്‍ എം സി രാജേഷ് ഔദ്യോഗിക ഗ്രൂപ്പില്‍ എം എല്‍ എയെ പരിഹസിച്ച് വാട്‌സ് ആപ് പോസ്റ്റിട്ടത്. എം എല്‍ എയുടെ കോന്നി താലൂക്ക് ഓഫിസിലെ ചെയ്തികളെ ചോദ്യം ചെയ്ത എ ഡി എമ്മിനെ പിന്തുണച്ചുമാണ് ഡപ്യൂട്ടി തഹസില്‍ദാറുടെ പോസ്റ്റ്. ഇത് എം എല്‍ എയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം സി പി എം- സി പി ഐ തര്‍ക്കങ്ങളിലേക്ക് കടക്കാതെ എ ഡി എമ്മിനെതിരെയും ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരയും വകുപ്പുതല നടപടി സ്വീകരിച്ച് ഒത്തുതീര്‍ക്കാനാണ് സാധ്യത. മുന്ന് ദിവസത്തെ അവധിക്ക് ശേഷം വിവാദമായ വിനോദയാത്രയില്‍ പങ്കെടുത്ത ജീവനക്കാരില്‍ ഭൂരിഭാഗവും ഇന്ന് ജോലിക്കെത്തും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കുള്ള സാധ്യത തള്ളികളയാനും കഴിയില്ല.