Connect with us

Kerala

നഗരസഭാ കത്ത് വിവാദത്തിൽ സമവായം; പ്രതിപക്ഷം സമരം അവസാനിപ്പിച്ചു

ഡി ആർ അനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോർമുല അംഗീകരിച്ച് പ്രതിപക്ഷം

Published

|

Last Updated

തിരുവനന്തപുരം | നഗരസഭയിലെ നിയമനകത്ത് വിവാദത്തിൽ സമവായം. ഡി ആർ അനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമെന്ന ഫോർമുല അംഗീകരിച്ച് പ്രതിപക്ഷം സമരം അവസാനിപ്പിച്ചു.

കത്തെഴുതിയ കാര്യം ഡി ആർ അനിൽ സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കിയത്. മറ്റ് ഭരണപരമായ പ്രശ്‌നങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ പരിഹരിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയതായി ചര്‍ച്ചകള്‍ക്കുശേഷം മന്ത്രി എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 താത്കാലിക തസ്തികകളിൽ പാർട്ടി പ്രവർത്തകരെ നിയമിക്കാൻ ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് പുറത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം. ഒഴിവുകൾ ചൂണ്ടിക്കാട്ടി മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് കത്തയച്ചത്. കത്ത് ജില്ലാ നേതാക്കള്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചതോടെയാണ് പുറത്തായത്.

എന്നാൽ ഇക്കാര്യം പിന്നീട് മേയൽ നിഷേധിച്ചു. താൻ അങ്ങനെയൊരു കത്തയച്ചിട്ടില്ലെന്നായിരുന്നു മേയറുടെ നിലപാട്. പിന്നീട് ഡി ആർ അനിൽ താൻ അങ്ങനെ ഒരു കത്ത് തയ്യാറാക്കിയതായി സമ്മതിച്ചു. നിയമനം ആവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് താന്‍ എഴുതിയതാണെന്നാണ് ഡി ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ എസ് എ ടി വിഷയത്തില്‍ എഴുതിയ കത്താണ് പുറത്തു വന്നത്. എന്നാല്‍ കത്ത് എഴുതിക്കഴിഞ്ഞപ്പോള്‍ അത് ശരിയല്ലെന്ന് തോന്നുകയും കൊടുത്തില്ലെന്നുമായിരുന്നു അനില്‍ വ്യക്തമാക്കിയത്.