National
പശ്ചിമഘട്ട സംരക്ഷണം; അന്തിമ വിജ്ഞാപനം ആറുമാസത്തിനകം പുറപ്പെടുവിക്കുമെന്ന് കേന്ദ്രം
ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പരാതികള്‍ പരിശോധിക്കുന്ന സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
ന്യൂഡല്‍ഹി | പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം പുറപ്പെടുവിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലും കര്‍ണാടകത്തിലും മാത്രമാണ് പരാതികള്‍ നിലനില്‍ക്കുന്നത്. ഗോവയിലും മഹാരാഷ്ട്രയിലും പരാതികള്‍ പരിഹരിച്ചു. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പരാതികള്‍ പരിശോധിക്കുന്ന സമിതി ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ ക്രൈസ്തവ സംഘടനകളുള്‍പ്പെടെ പരാതി ഉന്നയിച്ചിട്ടുണ്ട്.
അതിനിടെ, ബഫര്‍സോണ്‍ നിര്‍ണയിച്ചതിലെ വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയില്‍ ഹരജി നല്‍കി. വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുനപ്പരിശോധനാ ഹരജി സമര്‍പ്പിച്ചത്. സുപ്രീം കോടതി വിധിയിലെ 44 എ, 44 ഇ ഖണ്ഡികകളില്‍ വ്യക്തത വരുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
ബഫര്‍ സോണ്‍ വിധി നടപ്പിലാക്കിയാല്‍ നിരവധി സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. വിധിക്ക് മുന്‍കാല പ്രാബല്യം ഉണ്ടോയെന്നതും വ്യക്തമല്ലെന്നും കേന്ദ്രത്തിന്റെ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര നടപടിയെ കേരള വനംവകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ സ്വാഗതം ചെയ്തു.