Ongoing News
ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങള്‍ക്കായി നിയമസഹായ കേന്ദ്രം രൂപവത്കരിക്കുന്നത് ആലോചിക്കണം: ചീഫ് ജസ്റ്റിസ് എന്‍ വി രമണ
അബൂദബി | രാജ്യത്ത് നിയമസഹായം ആവശ്യമുള്ള എല്ലാ ജനങ്ങള്‍ക്കും അത് എത്തിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ പ്രതിജ്ഞാബദ്ധമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും നിയമസഹായം ആവശ്യമുള്ള എഴുപത് ശതമാനം ജനതക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ സൗജന്യമായി നിയമപരിരക്ഷ ഉറപ്പാക്കി വരുന്നു. ഇന്ത്യയും യു എ ഇയും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം വരും നാളുകളില്‍ കൂടുതല്‍ വളരുമെന്നും ഇത് പുതിയ തലങ്ങളിലെത്തുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യു എ ഇയിലെ ഇന്ത്യന്‍ സമൂഹം അബൂദബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു എ ഇയിലെ ഭൂരിഭാഗം വരുന്ന വിദേശ പൗരന്മാര്‍ ഇന്ത്യക്കാരായതും യു എ ഇയുടെ വികസനത്തില്‍ ഇവര്‍ നിര്‍ണായക പങ്ക് വഹിച്ചതുമാണ് ഇന്ത്യ-യു എ ഇ ബന്ധം കൂടുതല്‍ ദൃഢമാകാന്‍ കാരണം. ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ എനിക്ക് നിങ്ങളോട് ഒന്നും ഉറപ്പ് നല്‍കാനാവില്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് യു എ ഇയിലെ ഇന്ത്യന്‍ പ്രവാസി സ്ഥാപനങ്ങള്‍ക്കായി നിയമസഹായത്തിന് കേന്ദ്രം രൂപവത്കരിക്കുന്നത് ആലോചിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിനോട് അഭിപ്രായപ്പെട്ടു.
അബൂദബിയില്‍ ചീഫ് ജസ്റ്റിസ് പങ്കെടുത്ത യോഗത്തില്‍ ഉഭയകക്ഷി കരാറുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതും ചര്‍ച്ചയായി. ഇതിനോട് അനുകൂലമായതും പ്രോത്സാഹനപരമായതുമായ പ്രതികരണമാണുണ്ടായതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നീതിന്യായ വിഷയങ്ങളില്‍ ഇന്ത്യയും യു എ ഇയും തമ്മില്‍ കൈകോര്‍ത്ത് മുന്നോട്ട് പോകുന്നത് സംബന്ധിച്ച് പ്രത്യേകം പരാമര്‍ശിച്ച അദ്ദേഹം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകള്‍ കൂടുതല്‍ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്ന് പറഞ്ഞു. ഇന്ത്യയും യു എ ഇയും തമ്മില്‍ കോടതി വിധികള്‍ നടപ്പാക്കുന്നതിലും, പ്രതികളുടെ കൈമാറ്റത്തിലും, സിവില്‍-ക്രിമിനല്‍ വിഷയങ്ങളിലെ നിയമ സഹായത്തിലും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉഭയകക്ഷി കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള വലിയ സഹകരണം നിലനില്‍ക്കേ ഇത്തരം കരാറുകള്‍ ഏറെ പ്രധാനപ്പെട്ടതും മൂല്യമുള്ളതുമാണെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.