From the print
സാന്ത്വന സേവന പ്രവർത്തനങ്ങൾ മനുഷ്യരുടെ കടമ: കാന്തപുരം
വയനാട് ജില്ലയിലെ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാരെ അനുമോദിച്ചു
കൈതപ്പൊയിൽ | അവശത അനുഭവിക്കുന്നവരെയും ദുരിതബാധിതരെയും സഹായിക്കലും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തലും മനുഷ്യരുടെ ബാധ്യതയാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ.
മർകസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച വയനാട് ജില്ലയിലെ എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാരുടെ സംഗമത്തിൽ അനുമോദന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിന് സംഭവ ദിവസം മുതൽ ഇന്നുവരെ കഠിനാധ്വാനം ചെയ്ത സാന്ത്വനം വളണ്ടിയർമാരുടെ സേവനം ശ്ലാഘനീയമാണെന്നും ദുരന്തമുഖങ്ങളിൽ സ്വയം സമർപ്പിക്കാൻ സന്നദ്ധരായവർക്ക് ഇരുലോകത്തും നല്ല പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ സോണുകളിൽ നിന്നുള്ള 310 വളണ്ടിയർമാരെയാണ് എസ് വൈ എസ് സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിൽ അനുമോദിച്ചത്.
എസ് വൈ എസ് വയനാട് ജില്ലാ പ്രസിഡന്റ് കെ കെ ബശീർ സഅദി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു. ദേവർഷോല അബ്ദുസ്സലാം മുസ്്ലിയാർ, അബൂബക്കർ പടിക്കൽ, എം എം ഇബ്്റാഹീം, നൈസാം സഖാഫി കൊല്ലം, ഫിറോസ് അഹ്സനി ആലുവ, ഫള്്ലുൽ ആബിദ് എം കെ, നസീർ കോട്ടത്തറ സംസാരിച്ചു. കെ ഒ അഹ്്മദ് കുട്ടി ബാഖവി, കെ കെ മുഹമ്മദലി ഫൈസി, ഉമർ സഖാഫി ചെതലയം, മുഹമ്മദ് അലി സഖാഫി പുറ്റാട് സംബന്ധിച്ചു. എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി അബ്ദുല്ലത്വീഫ് സി ടി സ്വാഗതവും ശരീഫ് ടി എ നന്ദിയും പറഞ്ഞു.