Connect with us

flight protest

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന: ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനേയും ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരീനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 10.30 ഓടെയാണ് ശംഖ്മുഖം എ സി പി ഓഫീസില്‍ ശബരീനാഥന്‍ എത്തിയത്. ഇന്നലെ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് ചോദ്യം ചെയ്യലിനെത്തിയ ശബരീനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമാധാനപരമായി മുഖ്യമന്ത്രിക്കെതിരെ കേരളം മുഴുവന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധിച്ചു. അത്തരം ഒരു സമാധാന പ്രതിഷേധമാണ് വിമാനത്തിലുമുണ്ടായത്. ഊരിപ്പിടിച്ച വടിവാള് പോയിട്ട്; ഒരു പേന പോലും ഇല്ലാതെയാണ് രണ്ട് യൂത്ത്‌കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചത്. അത്തരം ഒരു പ്രതിഷേധത്തെ വധശ്രമമായും ഗൂഢാലോചനയായുമെല്ലാം കേസെടുക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വമാണെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ശബരീനാഥന്‍ പറഞ്ഞു.

വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആഹ്വാനം യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചത് ശബരീനാഥനാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവന്നിരുന്നു. യൂത്ത്‌കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം ഉള്ള ഗ്രൂപ്പിലായിരുന്നു ആസൂത്രണം. ഈ ഗ്രൂപ്പില്‍ വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരിനാഥനെന്ന് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലടക്കമുള്ളവരെ വരും ദിവസങ്ങളില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച യുവ ചിന്തന്‍ ശിബിരത്തില്‍ വനിത നേതാവിന്റെ പരാതി പുറത്തായതിന് പിന്നാലെയാണ് ശബരീനാഥിന്റെ പേരിലുള്ള വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പ്രചരിക്കുന്നത്. യൂത്ത്‌കോണ്‍ഗ്രസിലെ വിഭാഗീയതയെ തുടര്‍ന്നാണ് വാട്ട്‌സാപ്പ് ചാറ്റ് പുറത്തായത്. ഇതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.

Latest