National
ഗൂഢാലോചനക്കേസ്: ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദ് 2020 സെപ്തംബര്‍ മുതല്‍ ജയിലിലാണ്
ന്യൂഡല്‍ഹി| ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിനേതാവ് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി. 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടതാണ് കേസ്. ഖാലിദിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കേസ് മാറ്റിവെക്കുന്നതില്‍ കോടതി നീരസം അറിയിച്ചിട്ടുണ്ട്. കോടതിക്ക് ഏതെങ്കിലും മുതിര്‍ന്ന അഭിഭാഷകനെ കാത്തിരിക്കാന്‍ കഴിയില്ല. അവസാന അവസരം നല്‍കുന്നുവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദ് 2020 സെപ്തംബര്‍ മുതല്‍ ജയിലിലാണ്. ഹൈക്കോടതി ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് രജനീഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഖാലിദ് സുപ്രീംകോടതിയെ സമീപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ സമരത്തില്‍ അപകീര്‍ത്തികരമായ പ്രസംഗങ്ങള്‍ നടത്തി എന്നാണ് ഖാലിദിനെതിരെയുള്ള ആരോപണം. ഉമര്‍ ഖാലിദിനെ കൂടാതെ ഷര്‍ജീല്‍ ഇമാമും മറ്റു വിദ്യാര്‍ഥികളും പ്രതികളാണെന്നും ഡല്‍ഹി പോലീസ് പറയുന്നു. ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 50ല്‍ അധികം ആളുകള്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.