National
ഗൂഢാലോചനക്കേസ്; ഡല്‍ഹി കോടതിയില്‍ പുതിയ ജാമ്യ ഹരജി നല്‍കി ഉമര്‍ ഖാലിദ്
ഹരജി മാര്‍ച്ച് 11ന് പരിഗണിക്കും.
ന്യൂഡല്‍ഹി| 2020ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് ഡല്‍ഹി കാര്‍കര്‍ദൂമ കോടതിയില്‍ പുതിയ ജാമ്യ ഹരജി നല്‍കി. പൗരത്വ സമരത്തില്‍ പങ്കെടുത്തതിനാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍പെടുത്തിയത്. കേസില്‍ പ്രോസിക്യൂഷന്റെ നിലപാട് കോടതി തേടി. ഹരജി മാര്‍ച്ച് 11ന് പരിഗണിക്കും.
ഉമര്‍ ഖാലിദ് സുപ്രീംകോടതിയില്‍ നല്‍കിയിരുന്ന ജാമ്യ ഹരജി രണ്ടാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിചാരണക്കോടതിയില്‍ ജാമ്യ ഹരജി നല്‍കിയത്. 2022 മാര്‍ച്ചില്‍ കാര്‍കര്‍ദൂമ കോടതി ഉമറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒക്ടോബറില്‍ ഡല്‍ഹി ഹൈകോടതിയും തള്ളിയിരുന്നു.
2020 സെപ്റ്റംബര്‍ 13നാണ് ഉമര്‍ഖാലിദിനെ അറസ്റ്റുചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപത്തിന് ഗൂഢാലോചന നടത്തിയെന്നുമായിരുന്നു ഖാലിദിനെതിരെയുള്ള ആരോപണം. യു.എ.പി.എ, ആയുധനിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. 2022 ഡിസംബറില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ശന ഉപാധികളോടെ ഒരാഴ്ച ഇടക്കാല ജാമ്യം ഖാലിദിന് ലഭിച്ചിരുന്നു.