National
ആദായ നികുതി വകുപ്പിന്റെ നിരന്തര വേട്ടയാടൽ; ബി ബി സി ഇന്ത്യയിലെ ന്യൂസ്റൂം അടച്ചുപൂട്ടി
2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്ത ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതോടെയാണ് ബിബിസി കേന്ദ്ര സർക്കാറിന്റെ കണ്ണിലെ കരടായത്.

ന്യൂഡൽഹി | ആദായ നികുതി വകുപ്പിന്റെ തുടർച്ചയായ റെയ്ഡുകൾക്കും നടപടികൾക്കും പിന്നാലെ ബിബിസി ഇന്ത്യയിലെ ന്യൂസ്റൂം അടച്ചുപൂട്ടി. ചാനലിന്റെ ഇന്ത്യയിലെ മുതിർന്ന ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, കലക്ടീവ് ന്യൂസ് റൂം വഴിയാകും ബിബിസി ഇനി ഇന്ത്യയിൽ പ്രവർത്തിക്കുക. ഇതിനായി ഈ കമ്പനിക്ക് പ്രസിദ്ധീകരണ ലൈസൻസ് നൽകി.
2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്ത ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുടെ പങ്ക് വെളിവാക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതോടെയാണ് ബിബിസി കേന്ദ്ര സർക്കാറിന്റെ കണ്ണിലെ കരടായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് കേന്ദ്രം വിലക്കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഡോക്യുമെന്ററി പുറത്തുവന്നതോടെ ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് തുടർച്ചയായി റെയ്ഡുകൾ നടത്തുകയും വൻ തുക പിഴ ചുമത്തുകയും ചെയ്തിരുന്നു.
ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിലായിരുന്നു നിരന്തര റെയ്ഡ്. ഒരു വര്‍ഷമായി പ്രതികാര നടപടി തുടരുകയാണെന്ന് ബിബിസി പറയുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ന്യൂസ് റൂമുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചതെന്നും ബിബിസി കേന്ദ്രങ്ങൾ വ്യക്തമാക്കി. കലക്ടീവ് ന്യൂസ്റൂം വഴിയാകും ഇനി ഇന്ത്യയിലെ പ്രവർത്തനമെന്നും എന്നാൽ, മാധ്യമപ്രവർത്തനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബി ബി സി അറിയിച്ചു.
ബിബിസിയിലെ നാല് ഇന്ത്യൻ ജീവനക്കാർ ചേർന്നാണ് കലക്ടീവ് ന്യൂസ് റൂം സ്ഥാപിച്ചത്. കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ക്കായി ബി ബി സി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
1940 മെയ് മാസത്തിലാണ് ബിബിസി ഇന്ത്യയില്‍ സംപ്രേക്ഷണം ആരംഭിച്ചത്.