Articles
മണ്ഡല പുനര്‍നിര്‍ണയം, പ്രശ്നങ്ങള്‍
കേന്ദ്ര സര്‍ക്കാര്‍ അടുത്ത വര്‍ഷം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട് നിയമസഭ മാത്രമാണ് ഇതിനകം പ്രമേയം പാസ്സാക്കിയതെങ്കിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വരും നാളുകളില്‍ പ്രതിഷേധത്തിന്റെ പാതയിലേക്ക് വരാനാണ് സാധ്യത. 1971ലെ ജനസംഖ്യാ സെന്‍സസ് മാനദണ്ഡമാക്കിയാകണം മണ്ഡല പുനര്‍നിര്‍ണയം എന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.

ലോക്സഭാ മണ്ഡല പുനര്‍ നിര്‍ണയം രാജ്യത്ത് ദീര്‍ഘകാല വിവാദമായി മാറാനിടയുള്ള സ്ഥിതിയിലേക്കാണ് ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിനീക്കമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടുത്ത വര്‍ഷം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെ തമിഴ്നാട് നിയമസഭ മാത്രമാണ് ഇതിനകം പ്രമേയം പാസ്സാക്കിയതെങ്കിലും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും വരും നാളുകളില്‍ പ്രതിഷേധത്തിന്റെ പാതയിലേക്ക് വരാനാണ് സാധ്യത. 1971ലെ ജനസംഖ്യാ സെന്‍സസ് മാനദണ്ഡമാക്കിയാകണം മണ്ഡല പുനര്‍നിര്‍ണയം. അല്ലാതെ 2026ലോ അതിന് ശേഷമോ നടക്കുന്ന സെന്‍സസാകരുത് മാനദണ്ഡമെന്നും തമിഴ്നാട് നിയമസഭ പാസ്സാക്കിയ പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ ന്യായവുമുണ്ട്.
പ്രാദേശിക സന്തുലിതത്വത്തിന്റെ ജനാധിപത്യം
ജനങ്ങളുടെ ഭരണമാണല്ലോ ജനാധിപത്യം. അവര്‍ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് ജനപ്രതിനിധികള്‍. അത് ആനുപാതിക പ്രാതിനിധ്യമോ പ്രാദേശിക പ്രാതിനിധ്യമോ ആയിരിക്കും. മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രാതിനിധ്യമാണ് പ്രാദേശിക പ്രാതിനിധ്യം. അതനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി നിര്‍ണിത ഭൂപ്രദേശത്ത് താമസിക്കുന്നവരെ പ്രതിനിധാനം ചെയ്യുന്നു. നിശ്ചിത ഭൂപ്രദേശവും അതില്‍ താമസിക്കുന്ന ജനതയുമാണ് പ്രാദേശിക പ്രാതിനിധ്യത്തിനകത്തെ രണ്ട് ഘടകങ്ങള്‍. നമ്മുടെ രാജ്യം സ്വീകരിച്ചിരിക്കുന്നത് ഇവ്വിധമുള്ള പ്രാദേശിക പ്രാതിനിധ്യമാണ്.
പ്രാദേശിക പ്രാതിനിധ്യത്തിലെ മണ്ഡലാതിര്‍ത്തികള്‍ നിര്‍വചിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന പ്രക്രിയക്കാണ് ഡീലിമിറ്റേഷന്‍ എന്ന് പറയുന്നത്. ഓരോ പ്രദേശത്തെയും അതായത് മണ്ഡലത്തെയും അതിലെ ജനങ്ങളെയും തീരുമാനിക്കുന്നതും തദടിസ്ഥാനത്തില്‍ രാഷ്ട്രീയ സമവാക്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും മണ്ഡല പുനര്‍നിര്‍ണയത്തെ പൗരന്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രധാനമാക്കുന്നുണ്ട്.
പുനര്‍നിര്‍ണയത്തിലെ പ്രശ്നങ്ങള്‍
ഇന്ത്യന്‍ ഭരണഘടനയുടെ 81(2) അനുഛേദം ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയം പ്രമേയമാകുന്നതാണ്. ലോക്സഭാ സീറ്റുകളുടെ എണ്ണത്തിന്റെ അനുപാതവും എല്ലാ സംസ്ഥാനങ്ങളിലെയും ജനസംഖ്യയും തുല്യമായിരിക്കണം. സംസ്ഥാനത്തെ എല്ലാ ലോക്സഭാ സീറ്റുകള്‍ക്കുമിടയിലെ ജനസംഖ്യാ അനുപാതവും കഴിയുന്നത്ര തുല്യമാകണം. ഓരോ മണ്ഡലത്തിലെയും ജനസംഖ്യയും സംസ്ഥാനത്തിന് അനുവദിച്ച സീറ്റുകളുടെ എണ്ണത്തിനിടയിലെ അനുപാതവും കഴിയുന്നത്ര സ്ഥിരമാകും വിധം ഓരോ സംസ്ഥാനവും മണ്ഡലങ്ങളായി വിഭജിക്കപ്പെടണം. അതിനുള്ള ജനസംഖ്യ കണക്കാക്കേണ്ടത് അവസാനത്തേതും തൊട്ടുമുമ്പുള്ളതുമായ സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകണമെന്നാണ് പ്രസ്തുത അനുഛേദം വിളംബരപ്പെടുത്തുന്നത്. നിയമസഭകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയത്തെക്കുറിച്ച് 170(2) അനുഛേദവും പരാമര്‍ശിക്കുന്നു. ഓരോ സെന്‍സസിനെ തുടര്‍ന്നും സീറ്റുകളുടെ എണ്ണം പുനക്രമീകരിക്കണമെന്ന് 82ാം അനുഛേദവും വ്യക്തമാക്കുന്നുണ്ട്. മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനുള്ള അധികാരം പാര്‍ലിമെന്റിനാണെന്ന് 327ാം അനുഛേദവും അടിവരയിടുന്നു. അങ്ങനെ ആദ്യ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ആക്ട് 1952ലും തുടര്‍ന്ന് 1962, 1972, 2002 വര്‍ഷങ്ങളിലും ഉണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നു ആദ്യ പൊതുതിരഞ്ഞെടുപ്പിന് മണ്ഡല ക്രമീകരണം നടത്തിയിരുന്നത്.
ജനസംഖ്യാടിസ്ഥാനത്തില്‍ സീറ്റുകള്‍ പുനര്‍നിര്‍ണയിക്കുന്നതിലും സീറ്റുകളുടെ എണ്ണം തീരുമാനിക്കുന്നതിലും ആദ്യ മൂന്ന് ഡീലിമിറ്റേഷന്‍ കമ്മീഷനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. എന്നാല്‍ 42ാം ഭരണഘടനാ ഭേദഗതിയോടെ ചിത്രം മാറി. 2001ലെ സെന്‍സസ് വിവരങ്ങള്‍ പുറത്തുവിടുന്നത് വരെ മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയ മാറ്റിവെക്കുകയായിരുന്നു പ്രസ്തുത ഭരണഘടനാ ഭേദഗതി. അതിനകം ജനസംഖ്യാ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചിരുന്ന സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്നും ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നത് അയോഗ്യതയായി കാണരുതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നത്. 2001ലെ ജനസംഖ്യാ സെന്‍സസ് പ്രകാരം ലോക്സഭ, നിയമസഭാ മണ്ഡലങ്ങളുടെ അതിര്‍ത്തികള്‍ മാറ്റിവരച്ചെങ്കിലും 1971ലെ സെന്‍സസ് പ്രകാരം തീരുമാനിച്ച ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം മാറ്റിയില്ല. 2002ലെ 84ാം ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല പുനര്‍നിര്‍ണയം വീണ്ടും മാറ്റിവെച്ചു. 2026ന് ശേഷമുള്ള ആദ്യ സെന്‍സസ് വരെ മാറ്റിവെക്കുന്നു എന്നായിരുന്നു ഭേദഗതി. അതിലാണിപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
മാറിയ സാഹചര്യവും സാധ്യതകളും
2000ത്തിലെ ദേശീയ ജനസംഖ്യാ നയത്തിന്റെ അടിസ്ഥാനത്തിലാണ് 2001-02 കാലയളവില്‍ മണ്ഡല പുനര്‍നിര്‍ണയം വീണ്ടും മാറ്റിവെച്ചതെന്നോര്‍ക്കണം. 2026ഓടെ ജനന നിരക്കും മരണ നിരക്കും സ്ഥിരത കൈവരിച്ച് രാജ്യത്താകമാനം തുല്യ ജനസംഖ്യാ വളര്‍ച്ചയായി മാറുമെന്ന് എസ്റ്റിമേറ്റ് ചെയ്താണ് രണ്ടാമതും മാറ്റിവെച്ചത്. പക്ഷേ ജനസംഖ്യാ വളര്‍ച്ചയില്‍ വ്യത്യസ്ത പ്രദേശങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കുമിടയില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ജനസംഖ്യാ വളര്‍ച്ചയില്‍ സ്ഥിരത നിലനിര്‍ത്തുന്ന, ടോട്ടല്‍ ഫെര്‍റ്റിലിറ്റി റേറ്റ്(ടി എഫ് ആര്‍) അതായത് മൊത്തം പ്രത്യുത്പാദന നിരക്ക് 2.1 കുട്ടികള്‍ എന്നതാണ്. എന്നാല്‍ 2023-24ലെ സാമ്പത്തിക സര്‍വേ പ്രകാരം മിക്കവാറും ഉത്തരേ ന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രസ്തുത നിരക്കിന് മുകളിലാണ്. ഉത്തര്‍ പ്രദേശില്‍ 2.4 ആണെങ്കില്‍ ബിഹാറില്‍ 3.0 ആണത്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ വളര്‍ച്ചയില്‍ സ്ഥിരത നിലനിര്‍ത്തുന്ന നിരക്കിനും എത്രയോ താഴെയുമാണ്. കേരളം 1.8, ആന്ധ്രാപ്രദേശ് 1.7, തമിഴ്നാട് 1.7 എന്നിങ്ങനെയാണ് ഭക്ഷിണേന്ത്യയിലെ വളര്‍ച്ചയുടെ നിരക്ക്. ഈ കണക്കാണിപ്പോള്‍ വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണയത്തെപ്രതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ നെഞ്ചിടിപ്പേറ്റുന്നത്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജനസംഖ്യാ വളര്‍ച്ച അസന്തുലിതമാണെന്നതിനാല്‍ മണ്ഡല പുനര്‍നിര്‍ണയം ഉണ്ടാകുന്ന പക്ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്സഭാ സീറ്റുകളുടെ എണ്ണം കുറയുകയോ സീറ്റുകള്‍ കൂടുന്ന പക്ഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റുകളെ അപേക്ഷിച്ച് നാമമാത്ര വര്‍ധനവ് മാത്രമേ ഉണ്ടാകുകയുമുള്ളൂ. അത് പല നിലയില്‍ ബഹുസ്വരമായിരിക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ താത്പര്യങ്ങളെ ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്.
31ാം ഭരണഘടനാ ഭേദഗതിപ്രകാരം ഓരോ സംസ്ഥാനത്തിന്റെയും താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രത്യേക ഭരണഘടനാ വകുപ്പുകളുണ്ട്. മണ്ഡല പുനര്‍നിര്‍ണയത്തെപ്രതി അത്തരം സാധ്യതകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യത്തിലുണ്ടാകണമെന്ന ആവശ്യമുയരുന്നുണ്ട് പല കോണുകളില്‍ നിന്നും. മണ്ഡല പുനര്‍നിര്‍ണയത്തിന് ജനസംഖ്യ മാത്രം മാനദണ്ഡമാക്കുന്നതില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. ജനസംഖ്യക്കപ്പുറത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ഭാഗമാകണം. അല്ലാത്തപക്ഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വലിയ അനീതിയുടെ ഇരകളാകുമെന്ന കാര്യം കട്ടായം.