Kerala
കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് ഘടകകക്ഷി മന്ത്രിമാര്‍; പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരമില്ല
എക്സൈസ് മന്ത്രി എം ബി രാജേഷ് പുതിയ മദ്യനയം കാബിനറ്റില്‍ അവതരിപ്പിച്ചെങ്കിലും ഘടകകക്ഷിയില്‍പ്പെട്ട ചില മന്ത്രിമാര്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് നിലപാടെടുക്കുകയായിരുന്നു

തിരുവനന്തപുരം | പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയില്ല. എക്സൈസ് മന്ത്രി എം ബി രാജേഷ് പുതിയ മദ്യനയം കാബിനറ്റില്‍ അവതരിപ്പിച്ചെങ്കിലും ഘടകകക്ഷിയില്‍പ്പെട്ട ചില മന്ത്രിമാര്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് നിലപാടെടുക്കുകയായിരുന്നു. കള്ളുഷാപ്പുകളുടെ ക്ലാസിഫിക്കേഷന്‍, ദുരപരിധി തുടങ്ങിയവയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നായിരുന്നു ആവശ്യം.
കള്ളുവ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കള്ളുഷാപ്പുകളെ ആധുനിക രീതിയില്‍ സ്റ്റാര്‍ പദവി നല്‍കി ക്ലാസിഫൈഡ് ഷാപ്പുകളായി മാറ്റാനുള്ള നിര്‍ദേശം പുതിയ നയത്തിലുണ്ട്.പുതിയ ഷാപ്പുകള്‍ അനുവദിക്കുമ്പോള്‍ ദൂരപരിധി സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നുണ്ട്. കൂടാതെ ലേലത്തില്‍ പോകാത്ത ഷാപ്പുകള്‍ ആര് ഏറ്റെടുക്കണം എന്ന വിഷയത്തിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
ഒന്നാം തീയതിയിലെ ഡ്രൈഡേ പൂര്‍ണമായും മാറ്റുന്നതിലും കൂടുതല്‍ ചര്‍ച്ച വേണമെന്നും മന്ത്രിസഭാ യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡ്രൈഡേയില്‍ മദ്യം വിളമ്പുന്നതിന് അംഗീകാരം നല്‍കുന്ന കാര്യത്തിലും വിശദമായ ചര്‍ച്ച വേണമെന്നും ഘടകകക്ഷി മന്ത്രിമാര്‍ നിര്‍ദേശം വെച്ചു. ഇടതുമുന്നണിയിലും ഉദ്യോഗസ്ഥ തലത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി സമവായത്തിലൂടെ മദ്യനയം കാബിനറ്റില്‍ കൊണ്ടുവരാനുമാണ് നീക്കമെന്നാണ് സൂചന