Connect with us

articles

ഭരണഘടനയും ഭരണകൂടവും

ഭരണഘടനയുടെ പൊതു തത്ത്വങ്ങളെ ഭരണകൂടം നിര്‍വചിക്കേണ്ടത് സാംസ്‌കാരിക വൈവിധ്യങ്ങളുടെയും മതേതര സമൂഹത്തിന്റെയും താത്പര്യങ്ങളെ നിയമാനുസൃതം അംഗീകരിച്ചു കൊണ്ടായിരിക്കണം. അതിനു പകരം ഏകാത്മക ദേശീയതയാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൊതു മുദ്ര എന്ന് ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു.

Published

|

Last Updated

നാം മറ്റൊരു ഭരണഘടനാ ദിനത്തെ കൂടി സ്വാഗതം ചെയ്യുകയാണ്. അതേസമയം ഇന്ത്യന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായി തുടരുകയുമാണ്. അത് ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളെ നിഷേധിക്കുന്നതിനു തുല്യമാണ്. ഇന്ത്യയിലെ വ്യത്യസ്തരായ മനുഷ്യരുടെ ജീവിതങ്ങള്‍ മുന്നോട്ടു പോകുന്നത് അവരുടേതായ സ്വത്വവിചാരങ്ങളിലൂടെയാണ്. പൗരന്‍ എന്ന അര്‍ഥത്തില്‍ ഭരണഘടന നല്‍കുന്ന ഉറപ്പ് മാത്രമാണ് ഇത്തരം ജീവിതങ്ങളെ സ്വതന്ത്രരാക്കുന്നത്. ആറ് പ്രധാന മതങ്ങളും 6,400ഓളം ജാതികളും അതിലേറെ ഉപജാതികളുമുള്ള ഒരു സമൂഹത്തില്‍ മനുഷ്യരുടെ വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നുള്ളതാണ് ഭരണകൂടത്തിന്റെ പ്രഥമ കര്‍ത്തവ്യം. ഈ അര്‍ഥത്തില്‍ തന്നെയാണ് ഭരണഘടനാ നിര്‍മാണ ഘട്ടത്തില്‍ അതിന്റെ അന്തസ്സത്തയായി ജനാധിപത്യം, മതേതരത്വം, സോഷ്യലിസം, പരമാധികാരം എന്നിവ ഭരണഘടനയുടെ ജീവശ്വാസമായി അംഗീകരിക്കപ്പെട്ടത്. അത്തരം ബോധ്യങ്ങളിലേക്ക് ഭരണഘടനാ ശിൽപ്പികളായ മഹാത്മാ ഗാന്ധി, അംബേദ്കര്‍, നെഹ്‌റു ഉള്‍പ്പെടെയുള്ളവരെ എത്തിച്ചത് ഇന്ത്യന്‍ സാമൂഹികാവസ്ഥകളില്‍ അവര്‍ നേടിയ ആഴത്തിലുള്ള അറിവാണ്.

ഇന്ത്യന്‍ വൈവിധ്യങ്ങളെയും നാനാത്വങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ രാഷ്ട്ര നേതാക്കള്‍ക്കേ എക്കാലത്തും ജനതാത്പര്യത്തിന് അനുസരിച്ച് മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യ ഒരു സംസ്‌കാരത്തെ മാത്രം പ്രതിഫലിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക രൂപവത്കരണം നടത്തുകയും ചെയ്താല്‍ രാജ്യത്തിന് നഷ്ടമാകുന്നത് ജനാധിപത്യമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സാധ്യത മനുഷ്യരുടെ സ്വതന്ത്രമായ ഇടപെടലുകളാണ്. ഇന്ത്യയെ സംബന്ധിച്ച് അതിന്റെ പ്രാധാന്യം ഏറെക്കുറെ മനസ്സിലാക്കിയത് കൊണ്ടാണ് ഭരണഘടനാ ശിൽപ്പികള്‍ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഭരണഘടനയില്‍ നിര്‍ണായകമായ സ്ഥാനം നല്‍കിയത്.
ലോകത്തിലെ പല രാഷ്ട്രങ്ങളും അധികാരത്തിന് വേണ്ടി അട്ടിമറിക്കപ്പെട്ടപ്പോഴും ഇന്ത്യ സുസ്ഥിരമായത് ഭരണഘടനയുടെ കീഴിലാണ്. ഏതെങ്കിലും തരത്തില്‍ ഭരണകൂടത്തിന് ഇന്ത്യന്‍ പൊതു മതേതര സ്വത്വത്തെ നിരാകരിക്കണമെങ്കില്‍ ഭരണഘടനയെ അഴിച്ചുപണിയേണ്ടതുണ്ട്. ഇത് രാഷ്ട്രീയ അധികാരത്തെ ബലപ്പെടുത്താനോ അതിന്റെ തുടര്‍ച്ചക്കോ വേണ്ടിയല്ല. മറിച്ച് നാനാത്വത്തിന്റെ ചിന്താപരിസരങ്ങളെ നിഷേധിക്കാനും മതേതരത്വത്തിന്റെ വിപുലയായ സാധ്യതയില്‍ നിലനില്‍ക്കുന്ന മതാനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യാനുമാണ്. ഇവിടെ മതം എന്നതിന് നവ ഹിന്ദുത്വത്തിന് പുറത്തുള്ള മതങ്ങള്‍ എന്നാണ് വായിക്കേണ്ടത്. ആ വായനയിലൂടെ മാത്രമേ ഇന്ത്യ എന്നത് ഹിന്ദു രാഷ്ട്രമാണ് എന്ന രാഷ്ട്രീയവാദത്തിന്റെ പൊരുള്‍ ബോധ്യമാകൂ.

ഇതിനു വേണ്ടിയാണ് 1999ല്‍ വാജ്‌പയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ പുനരവലോകനത്തിനായി മുന്‍ ചീഫ് ജസ്റ്റിസ് വെങ്കട ചെല്ലയ്യ ചെയര്‍മാനായ കമ്മീഷനെ നിയോഗിച്ച് മുന്നോട്ടു പോയത്. എന്നാല്‍ അതിന്റെ സാധ്യത തങ്ങള്‍ക്ക് അനുകൂലമല്ല എന്ന് അവര്‍ തിരിച്ചറിയുകയുണ്ടായി. 1973ല്‍ കേശവാനന്ദ ഭാരതി കേസില്‍ 13 അംഗ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണത്തില്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റിയെഴുതാന്‍ പാര്‍ലിമെന്റിന് അധികാരമില്ല എന്ന വിധിയുണ്ടായി. എന്നാല്‍ 2014ന് ശേഷം നാം കാണുന്നത് പടിപടിയായി ഭരണഘടനാ മൂല്യങ്ങളെ പച്ചക്ക് നിഷേധിച്ച് ജനാധിപത്യാവകാശങ്ങളെ നിഷേധിക്കുന്നതാണ്. ഇത്തരം ഘട്ടത്തില്‍ തിരുത്തല്‍ ശക്തിയായി നില്‍ക്കേണ്ട ജുഡീഷ്യറിയെ ഭരണകൂടാനുകൂലമാക്കി തീര്‍ക്കാന്‍ ഹിന്ദുത്വ ഭരണത്തിനു കഴിയുന്നു. മോദി ഭരണകാലത്ത് ഉണ്ടായ രണ്ട് പ്രധാന വിധികളില്‍ (രാമക്ഷേത്ര നിര്‍മാണത്തിലും കശ്മീരിന്റെ വിഷയത്തിലും) പ്രകടമായത് അതാണ്. ഇതിനെതിരെ നിയമ വ്യവസ്ഥക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നത് ഭരണഘടനാ തത്ത്വങ്ങളെ നിരാകരിക്കുന്ന ഭരണകൂടത്തിന് ഒപ്പമാണ് തിരുത്തല്‍ ശക്തിയായ നിയമ വ്യവസ്ഥ എന്ന സന്ദേശം പൗരന്മാരില്‍ ഉണ്ടാക്കുന്നു.

ഭരണഘടനയുടെ പൊതു തത്ത്വങ്ങളെ ഭരണകൂടം നിര്‍വചിക്കേണ്ടത് സാംസ്‌കാരിക വൈവിധ്യങ്ങളുടെയും മതേതര സമൂഹത്തിന്റെയും താത്പര്യങ്ങളെ നിയമാനുസൃതം അംഗീകരിച്ചു കൊണ്ടായിരിക്കണം. അതിനു പകരം ഏകാത്മക ദേശീയതയാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പൊതു മുദ്ര എന്ന് ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു. അത് രാജ്യത്തെ ബഹുസ്വര ജീവിത പരിസരങ്ങളിലും ജനാധിപത്യത്തിന്റെ ആന്തരിക ഘടനയിലും ആഴത്തിലുള്ള മുറിവേല്‍പ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമായി ജീവിക്കാന്‍ ഭരണഘടനാ തത്ത്വങ്ങളെ ഭരണകൂടങ്ങള്‍ പാലിച്ചേ മതിയാകൂ. അല്ലാത്തതിന്റെ അനുഭവങ്ങള്‍ എന്താണെന്ന് കാണിച്ചത് 1975ലെ അടിയന്തരാവസ്ഥയാണ്. മറ്റൊന്ന് 1992ല്‍ രാജ്യത്തെ മതേതര സങ്കല്‍പ്പത്തെ തകര്‍ത്തുകൊണ്ട് ബാബരി മസ്ജിദിന്റെ പതന നിര്‍വഹണവും ഭരണഘടനയെ നിഷേധിക്കലായി. 2014ന് ശേഷം ഇന്ത്യന്‍ ദേശസ്വത്വം എന്നത് ഹിന്ദുത്വത്തില്‍ മാത്രം കേന്ദ്രീകരിച്ച് വളരേണ്ടതാണെന്ന് ഭരണ വര്‍ഗം സ്ഥാപിച്ചെടുത്തു. അതിന് ആവശ്യമായ സാംസ്‌കാരിക പരിസരങ്ങളെ ഒരുക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ചിന്തയിലും ചരിത്ര ഗവേഷണത്തിലും ഭരണഘടനയുടെ മതേതര തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചു.

നേരത്തേ ഇന്ത്യന്‍ ഭരണകൂട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത് ഭരണഘടനയുടെ നിര്‍വചനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ്. അതിനിടയില്‍ ഭരണകൂടം സ്വീകരിക്കുന്ന തെറ്റായ നിലപാടുകളെ തിരുത്താനുള്ള ശക്തമായ ഇടപെടല്‍ ജുഡീഷ്യറി സംവിധാനം നടത്തിയിട്ടുണ്ട്. ഇന്ന് ദിനംപ്രതി അതിന്റെ സാധ്യത കുറഞ്ഞു വരികയാണ്. ഇത് ഉണ്ടാക്കുന്ന സാമൂഹിക അരക്ഷിതബോധം ചെറുതായിരിക്കില്ല. അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ജനാധിപത്യ അവകാശങ്ങള്‍ക്കേ കഴിയൂ.

ഒരു രാജ്യത്ത് കരുത്തുറ്റ ഭരണഘടന ഉണ്ടായതുകൊണ്ടോ ശക്തമായ ഭരണകൂടം നിലനില്‍ക്കുന്നത് കൊണ്ടോ ആ രാജ്യം ഏതെങ്കിലും അര്‍ഥത്തില്‍ ജനപ്രിയമാണെന്ന് പറഞ്ഞുകൂടാ. അതുകൊണ്ടാണ് 1946 ഡിസംബര്‍ 14ന് ജവഹര്‍ലാല്‍ നെഹ്‌റു ഭരണഘടനാ നിര്‍മാണസഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇപ്രകാരം പറഞ്ഞിട്ടുള്ളത്. “പട്ടിണിക്കാരെ ഊട്ടിയും ഉടുതുണിയില്ലാത്തവര്‍ക്ക് അത് നല്‍കിയും ഓരോ ഇന്ത്യക്കാരനും അവന്റെ ശേഷി അനുസരിച്ച് സ്വയം വികസിക്കാനുള്ള അവസരങ്ങള്‍ കണ്ടെത്തിയും ഒരു പുതിയ ഭരണഘടനയിലൂടെ ഇന്ത്യയെ സ്വതന്ത്രമാക്കുക എന്നതായിരിക്കണം ഈ സഭയുടെ പ്രഥമ കര്‍ത്തവ്യം.’ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രമേയവാക്യം ഇന്നത്തെ ഇന്ത്യയില്‍ ഏതെങ്കിലും അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ഒരാളും പറയില്ല. എന്ന് മാത്രമല്ല, ഭരണഘടനയുടെ രാഷ്ട്രീയ ജ്ഞാനപരിസരങ്ങളെ പൂര്‍ണമായി നിരാകരിക്കുന്നതില്‍ ഭരണകൂടങ്ങള്‍ക്കൊപ്പം പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങളും ചേര്‍ന്നതിന്റെ പരിണത ഫലമാണ് സവര്‍ണ സംവരണം. അതിനെ അനുകൂലിച്ച കോടതി വിധി സംവരണ തത്ത്വങ്ങളെ വ്യാഖ്യാനിച്ച ഭരണഘടനാ വ്യാഖ്യാനത്തിന് വിരുദ്ധമാണ്. അതിനെ പിന്തുണക്കുന്ന രീതിയില്‍ രാജ്യത്ത് സംവരണവിരുദ്ധ പൊതുബോധത്തെ നിര്‍മിക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തിനോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങളും ചേര്‍ന്നു നില്‍ക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഭരണഘടനയുടെ മൂല്യത്തെയും രാഷ്ട്രീയ പ്രാധാന്യത്തെയും ഇന്ത്യയിലെ ഹിന്ദുത്വ ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് നിരീക്ഷിക്കുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നത്.

ഇന്ന് എല്ലാ അര്‍ഥത്തിലും ഭരണഘടന നേരിടുന്ന പ്രധാനപ്പെട്ട രണ്ട് വിഷയങ്ങള്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണമാണ്. ഇതിന്റെ അടിസ്ഥാന തത്ത്വങ്ങളെ മാറ്റിപ്പണിതു കൊണ്ടേ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന് സാധ്യമാകൂ. അതിനു വേണ്ടി ഭരണകൂടം ചിന്തിക്കുന്നു. ജുഡീഷ്യറിയുടെ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുന്നു. അപ്പോഴും അതിന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നാക്ക ദളിത് സമൂഹവുമാണ്. ഭൂരിപക്ഷം വരുന്ന ഈ പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ സാമൂഹികാസ്ഥിത്വത്തെ എക്കാലത്തും പിടിച്ചുനിര്‍ത്തിയത് ഭരണഘടനയാണ്. ആ ഭരണഘടനയെ മാറ്റിയെഴുതാനുള്ള ഏതൊരു ശ്രമവും ഹിന്ദുത്വ ബ്രാഹ്‌മണിക്കല്‍ പ്രത്യയശാസ്ത്രത്തിന് ശക്തി പകരുന്നതാണ്. അത് ഇന്ത്യയിലെ ജനാധിപത്യ മതേതര വിശ്വാസികളില്‍ ഉണ്ടാക്കുന്ന ആശങ്ക ചെറുതല്ല. ബാബരി മസ്ജിദിന്റെ വിധിയിലും സവര്‍ണ സംവരണത്തിന് അനുകൂലമായ വിധിയിലും പ്രകടമായ തീര്‍പ്പുകളുടെ രാഷ്ട്രീയ സ്വഭാവം മേല്‍പ്പറഞ്ഞ ഹിന്ദുത്വ ബ്രാഹ്‌മണിക്കല്‍ മൂല്യബോധത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലായി അധികാര വര്‍ഗം പതുതെ പതുക്കെ ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്ന ഓരോ വിഷയവും ഭരണഘടനാവിരുദ്ധവും ഹിന്ദുത്വ ഭരണകൂട അനുകൂലവുമാണ്. ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്, ഒരു സംസ്‌കാരം, ഒരു ഭാഷ, ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിയമ ഏകീകരണം തുടങ്ങിയ ഭരണകൂട തീര്‍പ്പുകള്‍ പലപ്പോഴും രാജ്യത്തിന്റെ കെട്ടുറപ്പിന്, ദേശീയതക്ക് അനിവാര്യമാണെന്ന് ഹിന്ദുത്വ പൊതുബോധം സമര്‍ഥിക്കുന്നു. ഇത് ജനാധിപത്യവിരുദ്ധവും ദളിത്, ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ച അവകാശങ്ങളുടെ നിഷേധവുമാണെന്ന് ഇത്തരക്കാര്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യക്ക് ഒരിക്കലും ഒരു ഭാഷയിലോ ഒരു സംസ്‌കാരത്തിലോ നിലനില്‍ക്കാന്‍ കഴിയില്ല. 22ഓളം പ്രധാന ഭാഷകളും 1,800ലേറെ പ്രാദേശിക ഭാഷകളുമുള്ള രാജ്യത്ത് ഹിന്ദിയില്‍ മാത്രം ജനങ്ങള്‍ തങ്ങളുടെ സാമൂഹിക ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകണം എന്ന പ്രഖ്യാപനം ഭരണഘടനയോടുള്ള നിഷേധാത്മക നിലപാടാണ്. “നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’ എന്ന ഭരണഘടനാ പ്രഖ്യാപനം ഒരു രാജ്യം എന്ന നിലയില്‍ നമ്മുടെ എല്ലാ നാനാത്വങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ്. അതുകൊണ്ടാണ് സമത്വവും സാഹോദര്യവും മതേതരത്വവും അനുഭവിക്കുമ്പോഴും ഓരോ പൗരനും വിയോജിക്കാനുള്ള അവകാശം ഭരണഘടന നല്‍കിയത്. ഇന്ന് ഏതെങ്കിലും തരത്തിലുള്ള ഭരണവര്‍ഗ വിമര്‍ശനം രാജ്യദ്രോഹ കുറ്റമായി മാറുകയാണ്. അതിനെ ഭരണകൂടം നേരിടുന്ന വഴികള്‍ അങ്ങേയറ്റം ജനവിരുദ്ധമാണ്. അതിനോടുള്ള പൗരപ്രതിഷേധത്തെ പ്രകടിപ്പിക്കാനുള്ള വേദിയാണ് ജനാധിപത്യം. അതിനെ നിലനിര്‍ത്തിക്കൊണ്ട് മാത്രമേ ഭരണഘടനക്ക് കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍ എന്ന് പറയാന്‍ കഴിയൂ. ഈ തിരിച്ചറിവിലേക്ക് രാജ്യത്തെ ജനങ്ങളെ എത്തിക്കുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയ ഉത്തരവാദിത്വം.

Latest