Articles
ഹിന്ദി തലവാചകങ്ങള്‍ക്ക് പിന്നിലെ ഭരണഘടനാ സമസ്യകള്‍
ഹൈക്കോടതികള്‍ വ്യത്യസ്ത ഭാഷകള്‍ സ്വീകരിച്ചാല്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനം പ്രയാസകരമാകും. നിയമങ്ങളുടെ ഭാഷകള്‍ വ്യത്യസ്തമായാല്‍ അതിന്റെ വ്യാഖ്യാനം ഭരണഘടനാ കോടതികള്‍ക്ക് എങ്ങനെ സാധ്യമാകുമെന്നതും ആലോചനയര്‍ഹിക്കുന്ന വിഷയമാണ്. അതെന്തായാലും ഭരണകൂട ലക്ഷ്യം ഭാഷയെ ഏകാധിപത്യ സ്ഥാപനത്തിനുള്ള മറ്റു പല ഉപാധികളുടെ കൂട്ടത്തില്‍ ഒരെണ്ണമാക്കുക എന്നതാണ്. അത് തിരിച്ചറിയലാണ് ഹിന്ദി തലവാചകങ്ങള്‍ക്കകത്തെ രാഷ്ട്രീയം.
ഭാഷ കേവലം ആശയ വിനിമയത്തിനുള്ളതല്ല. രാഷ്ട്രീയവും സാംസ്‌കാരികവുമായ ആധിപത്യമുറപ്പിക്കാനും അഭിസംബോധകന് മേല്‍ മാനസികാധിപത്യം നേടാനുമൊക്കെയുള്ള ആയുധമാണ് ഭാഷയെന്ന കാര്യം തെളിഞ്ഞ വസ്തുതയാണ്. അതിനാല്‍ തന്നെ ഭാഷയിലും അതനുസരിച്ചുള്ള നാമകരണങ്ങളിലും പലതുമുണ്ട്. രാജ്യത്ത് കേന്ദ്ര സര്‍ക്കാറിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന അനൗചിത്യപൂര്‍ണമായ ഹിന്ദിവത്കരണ ശ്രമങ്ങളെയും കാണേണ്ടത് ഫാസിസ്റ്റ് ആധിപത്യത്തിന്റെ അടിച്ചേല്‍പ്പിക്കലിന്റെ ഭാഗമായാണ്. അതിനപ്പുറം വൈവിധ്യങ്ങളുടെ കലവറയായ ഒരു രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും നിര്‍ബന്ധപൂര്‍വം ‘ഹിന്ദിക്കാരാ’ക്കുന്നതില്‍ ഗുണാത്മകമായി ഒന്നുമില്ല. സംഘ്പരിവാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ഹിന്ദിവത്കരണത്തിനാണെങ്കിലും ആത്യന്തികമായി സംസ്‌കൃതമാണ് പരിവാര്‍ സങ്കല്‍പ്പത്തിലെ ഭാരതത്തിന്റെ പൂര്‍ണതയെന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്.
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൊളിച്ചെഴുത്ത് നിയമ, രാഷ്ട്രീയ മേഖലകളില്‍ ഇതിനകം ചര്‍ച്ചയായതാണ്. പുതിയ നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികള്‍ ഭരണഘടനാ കോടതികളില്‍ എത്തിയിട്ടുമുണ്ട്. വരുന്ന ജൂലൈ ഒന്ന് മുതല്‍ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരാനിരിക്കെ നിയമങ്ങളുടെ ഹിന്ദി നാമകരണങ്ങളുമായി ബന്ധപ്പെട്ട ചില സമസ്യകള്‍ നിയമ ലോകത്തു നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. ഹിന്ദി, സംസ്‌കൃത നാമങ്ങള്‍ ഉച്ചരിക്കുന്നതിനുള്ള പ്രയാസം അത്രതന്നെ പ്രശ്നവത്കരിക്കപ്പെടേണ്ടതുണ്ടോ എന്ന് തോന്നുമെങ്കിലും ഭരണഘടനാപരമായി സാംഗത്യമുള്ള ചില ആലോചനകള്‍ക്ക് ഇടമുണ്ടിവിടെ. ഭാരതീയ ന്യായ സുരക്ഷ സന്‍ഹിത, ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ സാക്ഷ്യ അഥിനീയം എന്നിങ്ങനെയാണല്ലോ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്. പ്രസ്തുത നടപടി ഭരണഘടനാവിരുദ്ധമാണെന്ന വാദമുയരുന്നത് ഭരണഘടനയുടെ 348ാം അനുഛേദത്തിന്റെ അടിസ്ഥാനത്തിലാണ്.
പാര്‍ലിമെന്റോ സംസ്ഥാന നിയമനിര്‍മാണ സഭകളോ കൊണ്ടുവരുന്ന ബില്ലുകളുടെയും നിയമ ഭേദഗതികളുടെയും ഓര്‍ഡിനന്‍സുകളുടെയും ഭാഷ ഇംഗ്ലീഷായിരിക്കണമെന്നാണ് മേല്‍ചൊന്ന അനുഛേദത്തിന്റെ ഉള്ളടക്കം. നിയമത്തിന് നല്‍കിയ തലവാചകവും നിയമത്തിന്റെ ഭാഗം തന്നെയാകയാല്‍ അതും ഇംഗ്ലീഷില്‍ തന്നെയാകണം. പ്രായോഗികതക്ക് പുറമെ രാജ്യത്തെ വ്യത്യസ്ത ഭാഷാ വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവായി ഒരു ഭാഷ ഉപയോഗിക്കുക വഴി ഐക്യം സാധ്യമാക്കാനും കഴിയുമെന്നതാണ് പ്രസ്താവിത മാന്‍ഡേറ്റിന്റെ താത്പര്യം. നിയമങ്ങളുടെ ഭാഷ ഇംഗ്ലീഷാകണമെന്ന് പറയുമ്പോഴും അതിന് വിരുദ്ധമായി പാര്‍ലിമെന്റിന് നിയമം കൊണ്ടുവരാമെന്നും 348ാം ഭരണഘടനാനുഛേദം തന്നെ പറയുന്നുണ്ട്. എന്നാല്‍ 1963ലെ ഒഫീഷ്യല്‍ ലാംഗ്വേജസ് ആക്ട് അത്തരത്തില്‍ പാര്‍ലിമെന്റ് കൊണ്ടുവന്നതാണെന്ന് കരുതാന്‍ നിര്‍വാഹമില്ല. കാരണം 348(1)(ബി) അനുഛേദം മുന്നോട്ടുവെക്കുന്ന താത്പര്യത്തിന് പുറത്താണ് ഒഫീഷ്യല്‍ ലാംഗ്വേജസ് ആക്ട് കൊണ്ടുവന്നിരിക്കുന്നത്. അനുഛേദം 348(1)(ബി) പറയുന്നത് എല്ലാ നിയമങ്ങളുടെയും ആധികാരിക മൂലവാക്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കണമെന്നാണ്. അതിനെ റദ്ദ് ചെയ്യുന്നതല്ല ഒഫീഷ്യല്‍ ലാംഗ്വേജസ് ആക്ട് എന്ന് ചുരുക്കം. ഭരണഘടനയുടെ 343ാം അനുഛേദ പ്രകാരം ഹിന്ദി ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാണ്. പ്രസ്തുത ഭരണഘടനാനുഛേദം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് 348ാം അനുഛേദം അനുസരിച്ച് നിയമങ്ങളുടെ ആധികാരിക മൂലവാക്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കണമെന്ന മാന്‍ഡേറ്റെന്നത് ശ്രദ്ധേയമാണ്. രണ്ടും പരസ്പര വിരുദ്ധമല്ലെന്ന് സാരം.
ആധികാരിക മൂലവാക്യങ്ങള്‍(അതോറിറ്റേറ്റീവ് ടെക്സ്റ്റ്) എന്നാല്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമം എന്നാണ് താത്പര്യമെന്ന് 348ാം ഭരണഘടനാനുഛേദത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. നിയമത്തിന്റെ തലവാചകവും നിയമത്തിന്റെ ഭാഗമാണ്. അങ്ങനെയിരിക്കെ ആധികാരിക മൂലവാക്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കണമെന്ന മാന്‍ഡേറ്റിന് പുറത്താണ് നിയമത്തിന്റെ തലവാചകം എന്ന വാദം സംഗതമല്ല. ഭാഷാ വൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഇന്ത്യയെന്നതിന് പുറമെ രാജ്യത്ത് 41 ശതമാനം ജനങ്ങള്‍ മാത്രമേ ഹിന്ദി സംസാരിക്കുന്നുള്ളൂ എന്നുമോര്‍ക്കണം.
ജനസംഖ്യയില്‍ പകുതിയിലിധികം പേര്‍ ഹിന്ദിയിതര ഭാഷകള്‍ സംസാരിക്കുമ്പോഴാണ് ഭരണകൂടം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. ഹിന്ദി എളുപ്പം വഴങ്ങാത്ത പരശ്ശതം ജനങ്ങളുണ്ട് ഈ രാജ്യത്ത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാര്‍ അതിന് ഉദാഹരണമാണ്. മലയാളവും തമിഴും കന്നഡയും തെലുങ്കും വാഴുന്നിടത്ത് മേലില്‍ ഹിന്ദി മാത്രം മതിയെന്ന തിട്ടൂരമിറക്കുന്നത് ഫെഡറലിസത്തിനെതിരെ വാളെടുക്കുന്നതിന് തുല്യമാണ്. നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ ബഹുസ്വരാശയത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടിയുമാണത്. പുതിയ ക്രിമിനല്‍ നിയമങ്ങളുടെ ഹിന്ദി നാമങ്ങളെ പ്രതി ആക്ഷേപം ഉയരുന്നത് ഹിന്ദി വഴങ്ങാത്ത അഭിഭാഷക സമൂഹത്തില്‍ നിന്നാകുന്നു എന്നത് സ്വാഭാവികമാണ്. കാരണം അതവരുടെ തൊഴിലിന്റെ കൂടി പ്രശ്നമാണ്. അങ്ങനെവരുമ്പോള്‍ തൊഴില്‍ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ ഹനിക്കുമെന്നതിനാല്‍ അഭിഭാഷകരെ സംബന്ധിച്ചിടത്തോളം മൗലികാവകാശ ലംഘനം കൂടിയാകും ഭരണകൂടത്തിന്റെ ഹിന്ദിവത്കരണ നടപടികള്‍. ഇന്ത്യന്‍ നിയമ സംവിധാനത്തിന്റെ അടിത്തറ ഇംഗ്ലീഷ് കോമണ്‍ ലോ ആണ്. അതിനാല്‍ സ്വാതന്ത്ര്യപൂര്‍വ കാലത്തു തന്നെ നമ്മുടെ നിയമ പുസ്തകങ്ങളിലും കോടതി മുറികളിലും ഇംഗ്ലീഷുണ്ട്. ഏകീകൃത ജുഡീഷ്യല്‍ സംവിധാനമുള്ള നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ക്കും ഒരു അടിസ്ഥാന ഏകതയുണ്ട്. ഒരു ഹൈക്കോടതിയുടെ വിധി മറ്റൊരു ഹൈക്കോടതി പ്രമാണമായി ഉദ്ധരിക്കുന്നുണ്ടല്ലോ. അങ്ങനെയിരിക്കെ ഏതെങ്കിലും ഹൈക്കോടതി പ്രാദേശിക ഭാഷ സ്വീകരിച്ചാല്‍ പ്രസ്തുത ഹൈക്കോടതിയില്‍ നിന്ന് കീഴ്്വഴക്കം ഉദ്ധരിക്കാന്‍ മറ്റു ഹൈക്കോടതികള്‍ പാടുപെടും.
ഹൈക്കോടതികള്‍ വ്യത്യസ്ത ഭാഷകള്‍ സ്വീകരിച്ചാല്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനവും പ്രയാസകരമാകും. അപ്പോഴും ഭാഷകള്‍ വ്യത്യസ്തമാകുന്നത് പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നമല്ലെന്നത് പ്രസ്താവ്യമാണ്. നിയമങ്ങളുടെ ഭാഷകള്‍ വ്യത്യസ്തമായാല്‍ അതിന്റെ വ്യാഖ്യാനം ഭരണഘടനാ കോടതികള്‍ക്ക് എങ്ങനെ സാധ്യമാകുമെന്നതും ആലോചനയര്‍ഹിക്കുന്ന വിഷയമാണ്. അതെന്തായാലും ഭരണകൂട ലക്ഷ്യം ഭാഷയെ ഏകാധിപത്യ സ്ഥാപനത്തിനുള്ള മറ്റു പല ഉപാധികളുടെ കൂട്ടത്തില്‍ ഒരെണ്ണമാക്കുക എന്നതാണ്. അത് തിരിച്ചറിയലാണ് ഹിന്ദി തലവാചകങ്ങള്‍ക്കകത്തെ രാഷ്ട്രീയം.