Kerala
ഇടുക്കി രണ്ടാം ഘട്ട വൈദ്യുത പദ്ധതിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും: മന്ത്രി
തിരുവനന്തപുരം | ഇടുക്കി രണ്ടാംഘട്ട വൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് വിദ്യുച്ഛക്തി വകുപ്പു മന്ത്രി കെ കൃഷ്ണന്‍കുട്ടി. സൗര പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് പുതുതായി സജ്ജമാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 800 മെഗാവാട്ട് വൈദ്യുതോത്പാദന ശേഷിയുള്ള പദ്ധതി, മൂഴിയാറിലെ 200 മെഗാവാട്ടിന്റെ രണ്ടാംഘട്ട പദ്ധതിയുടെ പഠനങ്ങള്‍ എന്നിവ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. സൗര പദ്ധതിയുടെ ഭാഗമായി 100 ദിവസത്തിനുള്ളില്‍ 100 മെഗാവാട്ടിന്റെ പ്ലാന്റുകള്‍ സജ്ജമാക്കും. സൗരപദ്ധതിയില്‍ താത്പര്യം സൃഷ്ടിക്കാനുള്ള നടപടി കെ എസ് ഇ ബി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഉദ്ഘാടന ചടങ്ങില്‍ കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ. ബി അശോക് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ആര്‍ സുകു, വി മുരുഗദാസ്, വി ആര്‍ ഹരി, മിനി ജോര്‍ജ്, രാജ്കുമാര്‍, ജി രാധാകൃഷ്ണന്‍, രാജന്‍ ജോസഫ് പ്രസംഗിച്ചു. പുരപ്പുറ സൗരോര്‍ജ പദ്ധതിയില്‍ ഇ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. പദ്ധതിയുടെ ഒരോ ഘട്ടത്തിലെയും പുരോഗതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോര്‍ട്ടല്‍ മുഖാന്തരം ലഭിക്കും. പോര്‍ട്ടല്‍: ekiran.kseb.in