Kuwait
കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് താമസത്തിനായുള്ള ലേബര്‍ സിറ്റി നിര്‍മ്മാണം വേഗത്തിലാക്കും
ജലീബ് ശുവൈഖ് പോലെയുള്ള വിദേശ ജനസംഖ്യ കൂടുതലുള്ള മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കുന്നതിനായാണ് പുതിയ നീക്കം.
കുവൈത്ത് സിറ്റി | കുവൈത്തില്‍ വിദേശ തൊഴിലാളികളെ താമസിപ്പിക്കാനായുള്ള നിര്‍ദിഷ്ട പാര്‍പ്പിട കേന്ദ്രം അടങ്ങുന്ന ലേബര്‍ സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് അധികൃതര്‍. ജലീബ് ശുവൈഖ് പോലെയുള്ള വിദേശ ജനസംഖ്യ കൂടുതലുള്ള മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നത് വേഗത്തിലാക്കുന്നതിനായാണ് പുതിയ നീക്കം.
നേരത്തെ, ജലീബ് ശുവൈക്കു മേഖലയെക്കുറിച്ച് പഠിക്കുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ നിര്‍ദേശപ്രകാരമാണ് പ്രദേശത്ത് നിന്നും ഒഴിപ്പിക്കുന്നവരെ മാറ്റിത്താമസിപ്പിക്കാനായി ആറു ലേബര്‍ സിറ്റികള്‍ നിര്‍മ്മിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും തീരുമാനമെടുത്തത്.
അതിനിടെ, രാജ്യത്ത് പൊതുമാപ്പ് സമയപരിധി അവസാനിച്ചതോടെ അധികൃതര്‍ ഏര്‍പ്പെടുത്തിയ ശക്തമായ സുരക്ഷാ പരിശോധനയിലൂടെ ജലീബ് ഏരിയകളില്‍ ഇപ്പോഴും തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടെത്താനും ആഭ്യന്തര മന്ത്രാലയം വന്‍ പദ്ധതി കളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമായ കച്ചവടങ്ങളും മറ്റും ജലീബില്‍ നിന്നും തുടച്ചുനീക്കാന്‍ ഈ പ്രദേശംതന്നെ വിദേശി മുക്തമാക്കണമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. അതനുസരിച്ച് തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ കുവൈത്ത് മുന്‍സിപ്പാലിറ്റിക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
എട്ട് ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ജലീബ് പ്രദേശത്ത് ഏകദേശം 2,66,000 ആളുകള്‍ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇതില്‍ സ്വദേശികള്‍ 1.5 ശതമാനം മാത്രമാണ്. ഇവിടങ്ങളിലെ ഒരു ബാച്ചിലര്‍ റൂമില്‍ നാലുപേര്‍ വീതം താമസിക്കുന്നുണ്ട് എന്നാണ് ബന്ധപ്പെട്ട സമിതിയുടെ പഠന റിപോര്‍ട്ട്.
സാല്‍മിറോഡ്, സുബ്ബിയ്യ, നോര്‍ത്ത് അല്‍ മുത്‌ല, സൗത്ത് സബാഹ് അല്‍ അഹ്മദ്, കബദ് എന്നീ മേഖലകളിലാണ് നിര്‍ദിഷ്ട ലേബര്‍ സിറ്റിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2022 മുതല്‍ ഈ പ്രദേശങ്ങളിലെ ആളുകളുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യനിര്‍ണയം നടത്തുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.