Connect with us

National

മര്‍കസ് ത്വയ്ബ ഗാര്‍ഡന്‍ മണിപ്പൂര്‍ ക്യാമ്പസ് നിര്‍മാണം ആരംഭിച്ചു

ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി തറക്കല്ലിടല്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Published

|

Last Updated

മര്‍കസ് ത്വയ്ബ ഗാര്‍ഡന്‍ മണിപ്പൂര്‍ ക്യാമ്പസ് തറക്കല്ലിടല്‍ ചടങ്ങിന് സുഹൈറുദ്ദീന്‍ നൂറാനി നേതൃത്വം നല്‍കുന്നു.

കോഴിക്കോട് | അമ്പതാം വാര്‍ഷിക ദേശീയ പദ്ധതികളുടെ ഭാഗമായി ഗ്രാമീണ വികസനം ലക്ഷ്യമിട്ട് മണിപ്പൂരില്‍ ഇന്റഗ്രേറ്റഡ് ക്യാമ്പസിന് തുടക്കമിട്ട് മര്‍കസ്. പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ത്വയ്ബ ഗാര്‍ഡനു കീഴിലാണ് മണിപ്പൂരിലെ തൗബാല്‍ ജില്ലയിലെ വാങ്ജിങില്‍ പുതിയ ക്യാമ്പസ് നിര്‍മാണം ആരംഭിച്ചത്. മണിപ്പൂരിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള പൗര പ്രമുഖരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ ത്വയ്ബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി തറക്കല്ലിടല്‍ ചടങ്ങിന് നേതൃത്വം നല്‍കി.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പബ്ലിക് സ്‌കൂള്‍, കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, നൈപുണി പരിശീലന കേന്ദ്രം, ഖുര്‍ആന്‍ അക്കാദമി, സ്ത്രീവിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയവയാണ് ആരംഭിക്കുന്നത്. വിദ്യാഭ്യാസപരവും സാമ്പത്തികവുമായി വളരെ പിന്നാക്കം നില്‍ക്കുന്ന മണിപ്പൂരി ഗ്രാമീണ ന്യൂനപക്ഷ ജനതക്കിടയില്‍ 2009 കാലഘട്ടങ്ങളില്‍ തന്നെ വിവിധ സാമൂഹികക്ഷേമ പദ്ധതികളും കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണങ്ങളുമായി മര്‍കസ് സജീവമാണ്. പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് ക്യാമ്പസുകളില്‍ മണിപ്പൂരി വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനം ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാല്‍, അനുയോജ്യമായ ഭൂമി ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഇവിടെ വിപുലമായ പദ്ധതികള്‍ ആരംഭിക്കാന്‍ സാധിക്കാതിരുന്നത്. പ്രദേശവാസികള്‍ സൗജന്യമായി നല്‍കിയ ഭൂമിയിലാണ് ഇപ്പോള്‍ നിര്‍മാണം ആരംഭിക്കുന്നത്.

തൗബാല്‍ ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലൂടെ മണിപ്പൂരിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ ജനതയുടെ സാമൂഹിക ഉന്നമനത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് മര്‍കസ് പ്രത്യാശിക്കുന്നത്.

 

Latest