Uae
ഈജിപ്തിലെ മെഗാപ്രോജക്റ്റ് നിര്‍മാണം യു എ ഇ കമ്പനിക്ക്
50 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നഗരത്തിന്റെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണ ചുമതല മോഡണ്‍ ഹോള്‍ഡിംഗ് ഏറ്റെടുക്കും.
അബൂദബി|അബൂദബി ആസ്ഥാനമായുള്ള നിക്ഷേപ, ഹോള്‍ഡിംഗ് കമ്പനിയായ മോഡണ്‍ ഹോള്‍ഡിംഗ് പി എസ് സി ഈജിപ്തിലെ റാസ് അല്‍ ഹിക്മ മെഗാ പ്രോജക്റ്റിന്റെ മാസ്റ്റര്‍ ഡെവലപ്പറായി നിയമിതമായി. പ്രസിഡന്റ്‌ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍ സിസിയുടെയും സാന്നിധ്യത്തിലാണ് 170 ദശലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതി വികസനത്തിനുള്ള മാസ്റ്റര്‍ ഡെവലപ്പറായി കമ്പനിയെ നിയമിച്ചത്.
50 ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നഗരത്തിന്റെ ആദ്യ ഘട്ടത്തിന്റെ നിര്‍മാണ ചുമതല മോഡണ്‍ ഹോള്‍ഡിംഗ് ഏറ്റെടുക്കും. യു എ ഇക്ക് പുറത്ത് മോേഡണ്‍ ഹോള്‍ഡിംഗിന്റെ പ്രധാന നാഴികക്കല്ലാണ് ഈ ഐതിഹാസിക പദ്ധതി. കെയ്‌റോയില്‍ നിന്ന് 350 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറുള്ള റാസ് അല്‍ ഹിക്മ പ്രകൃതിരമണീയമായ തീരപ്രദേശം ഉള്‍ക്കൊള്ളുന്ന പ്രദേശമാണ്.
2045 ഓടെ സഞ്ചിത നിക്ഷേപം 110 ബില്യണ്‍ ഡോളറിലെത്തുന്ന പദ്ധതി നേരിട്ടും അല്ലാതെയും ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ജി ഡി പി സംഭാവന നല്‍കും. ഏകദേശം 750,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 20 ലക്ഷം ആളുകള്‍ക്ക് വാസസ്ഥലമാകും. 40 കിലോമീറ്ററിലധികം ഗ്രീന്‍ സ്പൈനുകള്‍ അവതരിപ്പിക്കുന്ന പദ്ധതി ഈ മേഖലയിലെ ഏറ്റവും ഹരിത മെഗാപ്രോജക്റ്റായി മാറും. വൈദ്യുത വാഹനങ്ങളുടെ മേഖലയില്‍ നൂതനമായ പരിഹാരങ്ങള്‍ നല്‍കുന്ന മറ്റൊരു സഹകരണ കരാര്‍ അടക്കം നിരവധി സഹകരണ പദ്ധതികള്‍ക്കും സന്ദര്‍ശനത്തിനിടെ അന്തിമ അംഗീകാരമായിട്ടുണ്ട്.