Connect with us

Kerala

നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്; സംസ്ഥാനത്ത് ക്വാറി, ക്രഷര്‍ സമരം തുടങ്ങി

ഞായറാഴ്ച അര്‍ധരാത്രി മുതലാണ് സമരം ആരംഭിച്ചത്. സംസ്ഥാനത്തെ 630 ക്വാറികളും 1100 ക്രഷറുകളും പൂര്‍ണമായി അടച്ചിട്ടതായി സമരസമിതി വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി | സര്‍ക്കാരിന്റെ പുതിയ ക്വാറി നയം തിരുത്തണമെന്ന ആവശ്യവുമായി ക്വാറി, ക്രഷര്‍ സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഞായറാഴ്ച അര്‍ധരാത്രി മുതലാണ് സമരം ആരംഭിച്ചത്. സംസ്ഥാനത്തെ 630 ക്വാറികളും 1100 ക്രഷറുകളും പൂര്‍ണമായി അടച്ചിട്ടതായി സമരസമിതി വ്യക്തമാക്കി.

സംസ്ഥാനത്ത് പണിമുടക്ക് പൂര്‍ണമാണെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ എം കെ ബാബു പറഞ്ഞു. തിരുവനന്തപുരം കളിയാക്കവിള, വിഴിഞ്ഞം, പൂവാര്‍, കള്ളിക്കാട്, അമരവിള, കൊല്ലം ആര്യങ്കാവ്, വാളയാര്‍, ഗോവിന്ദപുരം, മുത്തങ്ങ, കാസര്‍കോട്, മഞ്ചേശ്വരം ചെക്ക്‌പോസ്റ്റുകളില്‍ അന്യസംസ്ഥാനത്തു നിന്നും വന്ന ടിപ്പര്‍, ടോറസ്സ് വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു.

ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടഭേദഗതി ക്വാറി, ക്രഷര്‍ മേഖലയെ തകര്‍ക്കുമെന്നാണ് ഉടമകളുടെ ആരോപണം. റോയല്‍റ്റി, സെക്യൂരിറ്റി എന്നിവയിലെ വര്‍ധന, ക്വാറികളില്‍ വേയ്ബ്രിജ് നിര്‍ബന്ധമാക്കല്‍ തുടങ്ങിയവയാണ് സമരത്തിലേക്ക് നയിച്ച കാരണങ്ങള്‍. ദേശീയ ഹരിത ട്രൈബ്യൂണലില്‍ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഉടമകള്‍ ആരോപിക്കുന്നു. സമരം തുടരുകയും അസംസ്‌കൃത വസ്തുക്കള്‍ കിട്ടാതെ വരികയും ചെയ്താല്‍ സര്‍ക്കാര്‍ മേഖലയിലടക്കം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും.

മഴക്കാലമെത്താന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കേ ആരംഭിച്ച സമരം പൊതുമരാമത്ത് മേഖലയെയും പ്രതികൂലമായി ബാധിക്കും. കോഴിക്കോട്ടെ അദാനിയുടെ ക്രഷര്‍ ക്വാറി, ക്രഷര്‍ ഉടമകള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഉപരോധിക്കുമെന്ന് സമരസമിതി വ്യക്തമാക്കി. ഇതോടെ രണ്ട് ദിവസത്തിനകം ദേശീയപാതാ വികസന പ്രവൃത്തികളുള്‍പ്പെടെ നിലക്കും. ക്രഷര്‍ മേഖലയിലെ ആറ് സംഘടനകള്‍ സംയുക്തമായാണ് പണിമുടക്കുന്നത്.