Connect with us

Kerala

എറണാകുളം സൗത്തില്‍ നിര്‍മാണ പ്രവര്‍ത്തനം; നാല് ട്രെയിനുകള്‍ റദ്ദാക്കി

ചില ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം |  എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ പൂര്‍ണമായും ചിലവ ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണറെയില്‍വെ. 30, മെയ് ഒന്ന് തീയതികളില്‍ നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല. 30ന് വൈകിട്ട് 5.40ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം -ഷൊര്‍ണൂര്‍ മെമു (06018), മെയ് ഒന്നിന് പുലര്‍ച്ചെ 4.30ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടേണ്ട ഷൊര്‍ണൂര്‍ – എറണാകുളം മെമു (06017), വൈകീട്ട് 5.20ന് കോട്ടയത്തുനിന്ന് പുറപ്പെടേണ്ട എറണാകുളം പാസഞ്ചര്‍ സ്‌പെഷ്യല്‍ (06434), രാവിലെ 7.45ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട കോട്ടയം പാസഞ്ചര്‍ (06453) എന്നിവയാണ് പൂര്‍ണമായി റദ്ദാക്കിയത്.

ചൊവ്വാഴ്ച മധുരൈ – ഗുരുവായൂര്‍ എക്‌സ്പ്രസ് കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം നോര്‍ത്തിലും കാരയ്ക്കല്‍ – എറണാകുളം എക്‌സ്പ്രസ് പാലക്കാടും ചെന്നൈ എഗ്മോര്‍ – ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം നോര്‍ത്തിലും സര്‍വീസ് അവസാനിപ്പിക്കും.

ബുധനാഴ്ച (മെയ് 1) രാത്രി 11.15ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) മെയ് രണ്ടിന് പുലര്‍ച്ചെ 1.20ന് എറണാകുളത്ത് നിന്നാകും പുറപ്പെടുക. പുലര്‍ച്ചെ 3.25ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ഗുരുവായൂര്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എക്‌സ്പ്രസ് (16341) പുലര്‍ച്ചെ 5.20ന് എറണാകുളത്ത് നിന്നാകും പുറപ്പെടുക. മെയ് ഒന്നിന് രാത്രി 10.25ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം – കാരയ്ക്കല്‍ എക്‌സ്പ്രസ് (16188) രണ്ടിന് പുലര്‍ച്ചെ 1.40ന് പാലക്കാട് നിന്നാകും സര്‍വീസ് ആരംഭിക്കുക. ഒന്നിന് പുലര്‍ച്ചെ 5.50ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട ഗുരുവായൂര്‍ – മധുരൈ എക്‌സ്പ്രസ് (16328) രാവിലെ 9.37ന് കോട്ടയത്ത് നിന്നാകും സര്‍വീസ് ആരംഭിക്കുക.ബുധനാഴ്ച ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളം ജംഗ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ എന്നീ സ്റ്റേഷനുകളില്‍ കയറാതെ കോട്ടയം വഴിയാകും പുറപ്പെടുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. ഒന്നിന് വൈകിട്ട് 5.30ന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ് നടത്തുക. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ അധിക സ്റ്റേഷനുകള്‍ അനുവദിച്ചിട്ടുണ്ട്. വേണാട് എക്‌സ്പ്രസ് ട്രെയിന്‍ മെയ് ഒന്നുമുതല്‍ എറണാകുളം സൗത്ത് സ്റ്റോപ്പ് ഒഴിവാക്കിയാകും സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അറിയിച്ചു.

 

Latest