Connect with us

Kerala

ക്രിയാത്മകമായ വിമർശനങ്ങൾ കേൾക്കും, മാറ്റം വരുത്തും: എം വി ഗോവിന്ദൻ

വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം

Published

|

Last Updated

തിരുവനന്തപുരം | ക്രിയാത്മകമായ എല്ലാ വിമർശനങ്ങൾ കേൾക്കുകയും അത് പരിശോധിച്ച് മാറ്റം വരുത്താൻ തയ്യാറാവുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാറ്റത്തിന്‌ വിധേയമാകാത്ത പ്രവർത്തനമല്ല സിപിഎമ്മിനുള്ളതെന്നും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന്‌ ശേഷം അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.

പറയുന്ന കാര്യങ്ങൾ തെറ്റായി അടർത്തിയെടുത്ത് അവതരിപ്പിക്കുന്നതാണ് മാധ്യമങ്ങളുടെ പൊതുരീതി. 2003 ൽ എഴുതിയതാണ്‌ എംടിയുടെ ലേഖനം. അന്ന്‌ എ കെ ആന്റണിയാണ്‌ മുഖ്യമന്ത്രി. അന്ന്‌ അത് കോൺഗ്രസ്‌ മുഖ്യമന്ത്രിയെ ആണ്‌ ഉദ്ദേശിച്ചതെന്ന്‌ മാധ്യമങ്ങൾക്ക്‌ ഉറപ്പില്ല. ഒരു കാര്യവും സൂക്ഷ്‌മാംശത്തിൽ പരിശോധിക്കുന്ന രീതി മാധ്യമങ്ങൾക്കില്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. സൂര്യനെപ്പോലെയാണ്‌ മുഖ്യമന്ത്രി എന്ന്‌ പറഞ്ഞത്‌ വ്യക്തിപൂജയല്ല. കേന്ദ്ര ഏജൻസികൾ നടത്തുന്ന ഏത്‌ അക്രമത്തിനും മുഖ്യമന്ത്രിയിലേക്ക്‌ അടുക്കാൻ കഴിയില്ല എന്നാണ്‌ അതുകൊണ്ട് ഉദ്ദേശിച്ചത്. മാധ്യമങ്ങൾക്ക്‌ മനസിലായതല്ല പലപ്പോഴും വാർത്തകളിൽ പ്രകടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര ഉദ്‌ഘാടന വിഷയത്തിൽ ഇടതുപക്ഷ പാർടികൾ ആദ്യമേ കൃത്യമായ നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്. 2025 ൽ പണി പൂർത്തിയാകുന്ന ക്ഷേത്രത്തിൽ രാഷ്‌ട്രീയ പദ്ധതിയുടെ ഭാഗമായാണ്‌ ഇപ്പോഴത്തെ ഉദ്‌ഘാടനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ്‌ നവകേരള സദസ്‌ എന്ന്‌ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഒന്നാം പിണറായി സർക്കാർ കാലത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ പോലെ മറ്റൊരു ചുവടുവയ്‌പ്പായിരുന്നു നവകേരള സദസ്‌. ലക്ഷക്കണക്കിന്‌ നിവേദനങ്ങളാണ്‌ ലഭിച്ചത്‌. ഇത്‌ പരിഹരിക്കുന്നതിനായി പ്രത്യേക സംവിധാനം ഉണ്ടാക്കിയിട്ടുണ്ട്‌. 35 ലക്ഷം ജനങ്ങളുമായി സംവദിക്കാൻ സാധിച്ചു. പകുതിയിലധികം സ്‌ത്രീകളാണ്‌. ഇത്‌ കണ്ട്‌ യുഡിഎഫ്‌ നടത്തിയ ബദൽ പരിപാടി ശോഷിച്ചുപോയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണ ജോർജിന്റെ എക്‌സാലോജിക്‌ കമ്പനിക്കെതിരായ അന്വേഷണം ഇത്‌ രാഷ്‌ട്രീയമായ പകപോക്കലാണ്‌. അത് നടക്കട്ടെ. ഒരു അന്വേഷണത്തെയും സിപിഎം ഭയപ്പെടുന്നില്ല. സിപിഐ എം പ്രതിക്കൂട്ടിലാകും എന്ന ധാരണ മാധ്യമങ്ങൾക്ക്‌ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.