ആത്മായനം
കൂടിയാലോചനക്ക് വിധേയമാക്കുക
കാര്യങ്ങൾ വ്യക്തതയോടെ സാവകാശം ചെയ്യുകയെന്നത് മികച്ച സ്വഭാവമാണ്. മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്ന ചൊല്ല് നൽകുന്ന സന്ദേശം പോലെ പ്രതിസന്ധികളെ എളുപ്പം തരണം ചെയ്യാൻ കഴിയുക വഴി ലക്ഷ്യത്തിലേക്കുള്ള നീക്കം വേഗത്തിൽ സാധ്യമാകുന്നത് സാവകാശം കൈകാര്യം ചെയ്യുമ്പോഴാണ്. അല്ലാത്തവയിലേറെയും ലക്ഷ്യത്തിലെത്താതെ ആരംഭശൂരത്വത്തിലൊതുങ്ങും. സാവകാശം ചെയ്ത കാര്യങ്ങൾക്ക് സഹന ഭാവത്തിന്റെ സൗന്ദര്യം കൂടിയുണ്ട്. സാവകാശം ചെയ്യുന്നതിന്റെ പ്രാധാന്യം കാണിക്കും വിധം ഹദീസ് ഗ്രന്ഥങ്ങളിൽ പ്രത്യേകം അധ്യായങ്ങൾ തന്നെ കാണാൻ കഴിയും. മുൻദിറുബ്നു ഹാരിസിനെ അഭിനന്ദിച്ചു കൊണ്ട് തിരുനബി(സ) പറഞ്ഞ വാക്ക് ശ്രദ്ധേയമാണ്: "തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങൾ നിന്നിലുണ്ട്, സഹനവും സാവകാശവുമാണത്'.
എന്തിനും ധൃതി കാണിക്കുന്നവരുണ്ട്.ആരോടും അഭിപ്രായങ്ങളാരായാതെ വരുംവരായ്കകളെ കുറിച്ചാലോചിക്കാതെ സ്വയം തീരുമാനിച്ച് ചിലത് ചെയ്യാൻ തുനിയുന്നവർ. മാർഗത്തിലൂടെ കുറെ കറങ്ങി ത്തിരിഞ്ഞ് ലക്ഷ്യത്തിലെത്തിയാൽ തന്നെ അപൂർണമായ ഫലമാണ് ഇങ്ങനെയുള്ള ധൃതികളിലേറെയും സംഭവിക്കുന്നത്. ബിസിനസ്സ് അവസരങ്ങളുടെ, കരിയർ സാധ്യതകളുടെ, കോഴ്സുകളുടെ, പരസ്യം കണ്ട് കൂടുതൽ ആലോചിക്കാതെ കാശടച്ച് തുടങ്ങും. കുറച്ച് ദൂരം ചെന്ന് മതിയാക്കും. അടച്ച കാശും ചെലവഴിച്ച സമയവും നിഷ്ഫലം.
നല്ല സ്വപ്നങ്ങൾ കാണണം. അതിലേക്കെത്താൻ സ്വന്തത്തിൽ തന്നെ കഠിനാധ്വാനവും ആത്മവിശ്വാസവും വേണം എന്നതൊക്കെ ശരി തന്നെ. പക്ഷേ, അതിനാരുടെയും അഭിപ്രായങ്ങളോ ഉപദേശങ്ങളോ സഹായങ്ങളോ വേണ്ടതില്ല എന്ന നിലപാട് ഒട്ടും ശരിയല്ല. എനിക്ക് ഞാൻ മതിയെന്നത് അഹംബോധമാണ്. ഞാൻ എല്ലാം തികഞ്ഞവനാണെന്ന ആലോചനയാണ് ഇതരരോട് അഭിപ്രായം ചോദിക്കാൻ പലരെയും തടയുന്നത്.
യഥാർഥത്തിൽ, കാര്യങ്ങൾ പങ്കുവെച്ച് സംഘടിതമായി വലിയ വിജയത്തിലേക്കെത്തുന്നവരാണ് ബുദ്ധിമാന്മാർ.നല്ല മനുഷ്യരുടെ ശീലമെണ്ണിയ കൂട്ടത്തിൽ സൂറ: ശൂറാ 38 ൽ “അവരുടെ കാര്യങ്ങൾ അവർക്കിടയിൽ കൂടിയാലോചനക്ക് വിധേയമാക്കുന്നു.’ എന്ന് പ്രതിപാദിച്ചതിൽ കാര്യങ്ങൾ കൂടിയാലോചിക്കുന്നതിന്റെയും അഭിപ്രായ രൂപവത്കരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. വിഷയങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ മനുഷ്യർക്കിടയിൽ വ്യത്യസ്തമാണ്. ലക്ഷ്യത്തിലേക്കെത്താനുള്ള എളുപ്പ വഴി നിർദേശിക്കാൻ ചിലർക്കു കഴിയും. വഴിയിലുണ്ടായേക്കാവുന്ന പ്രതിബന്ധങ്ങളെ കുറിച്ചും അത് മറി കടക്കാനുള്ള മാർഗങ്ങളെ കുറിച്ചുമായിരിക്കും മറ്റു ചിലർക്ക് പറയാനുണ്ടാകുക.
ലക്ഷ്യത്തിൽ തന്നെ ഏറ്റവും മികച്ച അവസ്ഥയെ ചൂണ്ടിക്കാണിക്കാൻ വേറെ ചിലർക്ക് സാധിക്കും. നമ്മുടെ ചിന്തകളുടെ പരിമിതികളെ പരിഹരിക്കാൻ പലർക്കും കഴിയുമെന്നിരിക്കെ വിഷയങ്ങളെ കുറിച്ച് ധാരണയുള്ളവരോടൊത്തുള്ള ചർച്ചകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. അതേസമയം, നിരുത്സാഹപ്പെടുത്തുന്ന വാക്കുകളെയും ആളുകളെയും അകലം പാലിച്ച് ശ്രവിക്കലും സമീപിക്കലും ശ്രദ്ധിക്കേണ്ടത് തന്നെയാണ്. നിങ്ങൾക്ക് ധാരണയില്ലാത്ത/ ധാരണക്കുറവുള്ള കാര്യങ്ങൾ അതേ കുറിച്ച് നല്ല ബോധ്യമുള്ള ആളുകളോടാവണം ചോദിക്കേണ്ടതെന്ന് സൂറ: നഹ്ൽ 43 ഊന്നിപ്പറഞ്ഞതും ഓർക്കണം. നിരുത്സാഹപ്പെടുത്തുന്ന വാക്ക് പറയുന്നവരിൽ രണ്ട് തരക്കാരുണ്ട്.
ലക്ഷ്യത്തിലെത്തുന്നതിൽ താത്പര്യമുണ്ടെങ്കിൽ പോലും പോകുന്ന വഴിയിലെ ക്ലിഷ്ടതയെ കുറിച്ച് ആലോചിച്ച് നമ്മെ തടയുന്നവരും കിട്ടുന്ന നേട്ടത്തെ ഇഷ്ടപ്പെടാതെ വഴിമുടക്കുന്നവരുമാണവർ. ഇവർ രണ്ടു പേരും ബലമുള്ള തീരുമാനമെടുത്തവന് മുന്നിൽ തടസ്സമേയല്ല. മാർഗവും ലക്ഷ്യവും ശരിയെങ്കിൽ പിന്നെ സൂറ: ആലു ഇംറാനിന്റെ പാഠമാണ് നമുക്ക് ഉൾക്കൊള്ളാനുള്ളത്. “തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ അല്ലാഹുവിൽ ഭരമേൽപ്പിക്കുക. തീർച്ചയായും അല്ലാഹു അവനു മേൽ കാര്യങ്ങൾ ഏൽപ്പിക്കുന്നവരെ ഇഷ്ടപ്പെടുന്നു’ (ആലു ഇംറാൻ 159) ദീർഘവീക്ഷണത്തോടെ പ്രായോഗികമായ രീതികൾ ആസൂത്രണം ചെയ്ത് അല്ലാഹുവിൽ തവക്കുലാക്കിയാണ് വിശ്വാസി എന്തിനും മുതിരേണ്ടത്.
തിരുനബി(സ)ക്കരികിൽ ഉപദേശം തേടിയെത്തിയ വ്യക്തിയോട് “നിങ്ങൾ കാര്യങ്ങൾ ദീർഘവീക്ഷണത്തോടെ സമീപിക്കുക, അതിന്റെ പര്യവസാനം ഗുണകരമെങ്കിൽ നടപ്പിൽവരുത്തുക. വല്ല തകരാറുമുണ്ടാവുമെന്ന് ഭയന്നാൽ വിഷയം ഉപേക്ഷിക്കുക’ എന്ന നിർദേശത്തെ അനസ് (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ചെയ്തു തീർക്കേണ്ടതിന്റെ ബേജാറിൽ ധൃതികൂട്ടി എടുത്തു ചാടുന്ന ശീലം നന്നല്ല. എടുത്തുചാട്ടം പൈശാചിക പ്രേരണയാൽ ഉണ്ടാകുന്നതാണ്.
ഒരു നന്മയുടെ മേന്മ ആവുംവിധം കെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണത്. നമ്മുടെ ആരാധനകളിലും മറ്റു നന്മകളിലും അനാവശ്യമായ തിരക്കുണ്ടാക്കി കർമങ്ങളെ ജീവഛവമാക്കാനുള്ള പ്രവൃത്തികളിൽ പിശാച് സദാ ശ്രദ്ധാലുവായിരിക്കും. കാര്യങ്ങൾ വ്യക്തതയോടെ സാവകാശം ചെയ്യുകയെന്നത് മികച്ച സ്വഭാവമാണ്. മെല്ലെ തിന്നാൽ മുള്ളും തിന്നാം എന്ന ചൊല്ല് നൽകുന്ന സന്ദേശം പോലെ പ്രതിസന്ധികളെ എളുപ്പം തരണം ചെയ്യാൻ കഴിയുക വഴി ലക്ഷ്യത്തിലേക്കുള്ള നീക്കം വേഗത്തിൽ സാധ്യമാകുന്നത് സാവകാശം കൈകാര്യം ചെയ്യുമ്പോഴാണ്.
അല്ലാത്തവയിലേറെയും ലക്ഷ്യത്തിലെത്താതെ ആരംഭശൂരത്വത്തിലൊതുങ്ങും. സാവകാശം ചെയ്ത കാര്യങ്ങൾക്ക് സഹന ഭാവത്തിന്റെ സൗന്ദര്യം കൂടിയുണ്ട്. സാവകാശം ചെയ്യുന്നതിന്റെ പ്രാധാന്യം കാണിക്കും വിധം ഹദീസ് ഗ്രന്ഥങ്ങളിൽ പ്രത്യേകം അധ്യായങ്ങൾ തന്നെ കാണാൻ കഴിയും. മുൻദിറുബ്നു ഹാരിസിനെ അഭിനന്ദിച്ചു കൊണ്ട് തിരുനബി(സ) പറഞ്ഞ വാക്ക് ശ്രദ്ധേയമാണ്: “തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങൾ നിന്നിലുണ്ട്, സഹനവും സാവകാശവുമാണത്’.
സാവകാശം ചെയ്ത കാര്യങ്ങൾക്ക് സഹന ഭാവത്തിന്റെ സൗന്ദര്യം കൂടിയുണ്ട്. സാവകാശം ചെയ്യുന്നതിന്റെ പ്രാധാന്യം കാണിക്കും വിധം ഹദീസ് ഗ്രന്ഥങ്ങളിൽ പ്രത്യേകം അധ്യായങ്ങൾ തന്നെ കാണാൻ കഴിയും. മുൻദിറുബ്നു ഹാരിസിനെ അഭിനന്ദിച്ചു കൊണ്ട് തിരുനബി(സ) പറഞ്ഞ വാക്ക് ശ്രദ്ധേയമാണ്: “തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങൾ നിന്നിലുണ്ട്. സഹനവും സാവകാശവുമാണത്’.
ദീർഘവീക്ഷണത്തോടെ, നല്ല സ്വപ്നങ്ങൾ കാണുക. അറിവുള്ളവരുമായി ചർച്ച ചെയ്യുക, അല്ലാഹുവിൽ ഭരമേൽപ്പിക്കുക, കുതിക്കുക, ജയിച്ചു കയറുക, എടുത്തു ചാടി എല്ലാം പൊളിക്കരുത്. “Look before you leap.’