From the print
ഫ്ലിപ്കാർട്ടിന് പിഴയിട്ട് ഉപഭോക്തൃ കോടതി; മറ്റൊരാളുടെ വിലാസത്തിൽ ഉത്പന്നം വാങ്ങിയാൽ ഉപഭോക്തൃ അവകാശങ്ങൾ ഇല്ലാതാകില്ല
സുഹൃത്തിന്റെ ഓൺലൈൻ അക്കൗണ്ട് മുഖേന ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയ ഉത്പന്നത്തിന് യഥാർഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന വാദം തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി
കൊച്ചി | സുഹൃത്തിന്റെ ഓൺലൈൻ അക്കൗണ്ട് മുഖേന ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങിയ ഉത്പന്നത്തിന് യഥാർഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന വാദം തള്ളി എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി. ടി വിയുടെ വിലയും നഷ്ടപരിഹാരവും കോടതിച്ചെലവും 30 ദിവസത്തിനകം ഉപഭോക്താവിന് നൽകാൻ കോടതി എതിർകക്ഷികൾക്ക് നിർദേശം നൽകി. എറണാകുളം ആലങ്ങാട് സ്വദേശി ഡിനിൽ എൻ വി ഫ്ലിപ്്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ജീവിസ് കൺസ്യൂമർ സർവീസ് എന്നീ സ്ഥാപനങ്ങൾക്കെതിരെ സമർപ്പിച്ച പരാതിയിലാണ് നിർദേശം.
2019 ജനുവരിയിലാണ് പരാതിക്കാരൻ എതിർകക്ഷികളിൽ നിന്ന് 40 ഇഞ്ച് ഫുൾ എച്ച് ഡി. എൽ ഇ ഡി സ്മാർട്ട് ടി വി 17,499 രൂപക്ക് വാങ്ങിയത്. ആദ്യം ഒരു വർഷത്തേക്കുള്ള വാറന്റിയും പിന്നീട് രണ്ട് വർഷത്തേക്ക് എക്സ്റ്റൻഡഡ് വാറന്റിയും ഉണ്ടായിരുന്നു. 2021 ആഗസ്റ്റിൽ ടി വി പ്രവർത്തനരഹിതമായി. തുടർന്ന് റിപ്പയർ ചെയ്യുന്നതിനായി എതിർകക്ഷികളെ സമീപിച്ചു. വാറന്റി കാലയളവിനുള്ളിൽ ആയതിനാൽ ടി വി പ്രവർത്തനക്ഷമമാക്കി നൽകണമെന്ന നിലപാടാണ് പരാതിക്കാരന്റേത്. എന്നാൽ അതിന് കഴിയില്ലെന്നായിരുന്നു ഫ്ലിപ്കാർട്ടിന്റെ പ്രതികരണം. ടിവിക്ക് വാറണ്ടി നിലവിലുള്ളതിനാലും അത് റിപ്പയർ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലും എൽ ഇ ഡി സ്മാർട്ട് ടി വി വാങ്ങിയ തുകയായ 15,852 രൂപയിൽ നിന്നും 4,756 രൂപ കുറവ് വരുത്തി 11,096 രൂപ തിരികെ തരാമെന്ന് സമ്മതിക്കുകയും നൽകുന്നതിനായുള്ള തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ വാഗ്ദാനം ചെയ്തതുപോലെ തുക നൽകാൻ എതിർകക്ഷികൾ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. പരാതിക്കാരൻ തങ്ങളുടെ ഉപഭോക്താവല്ലെന്ന നിലപാടാണ് എതിർകക്ഷികൾ കോടതി മുമ്പാകെ സ്വീകരിച്ചത്. പരാതിക്കാരൻ സ്വന്തം വിലാസത്തിലല്ല ടി വി വാങ്ങിയത്. എന്നാൽ തന്റെ വിലാസത്തിൽ ഫ്ലിപ്കാർട്ടിന് ഷിപ്പിംഗ് സൗകര്യം ഇല്ലാതിരുന്നതിനാലാണ് മറ്റൊരാളുടെ വിലാസത്തിൽ വാങ്ങിയതെന്ന് പരാതിക്കാരൻ ബോധിപ്പിച്ചു. ഇത് ശരിവെച്ച് യഥാർഥ ഉപഭോക്താവിന് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വ്യക്തമാക്കി.
ടി വിയുടെ വിലയായ 11,096 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതിച്ചെലവ് 5,000 രൂപയും അടക്കം 36,096 രൂപ 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. എസ് അജോഷ് ഹാജരായി.