Connect with us

Kerala

അപകടത്തില്‍പ്പെട്ട കാറിന് ഇന്‍ഷ്വറന്‍സ് തുക നല്‍കിയില്ല; ന്യൂ ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പനി ഉടമക്ക് 9,65,000 രൂപാ നല്‍കാന്‍ ഉത്തരവ്

ടോട്ടല്‍ ലോസ്' നഷ്ടപരിഹാരം കൊടുക്കാതെ അപകടത്തില്‍പ്പെട്ട വാഹനം പണിതു കൊടുക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിച്ചത്

Published

|

Last Updated

പത്തനംതിട്ട |  ന്യൂ ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പനി കോട്ടയം ബ്രാഞ്ച് മാനേജര്‍
9,65,000 രൂപാ നല്‍കാന്‍ പത്തനംതിട്ട ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവ്. റാന്നി താലൂക്കില്‍ വെച്ചൂച്ചിറ പഞ്ചായത്തില്‍ പ്ലാവേലിനിരവ് പുതിയത്തു ബിബിന്‍ പുതിയത് കമ്മീഷനില്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് വിധി. 2021 ല്‍ ഹര്‍ജിക്കാരന്റെ മാരുതി എര്‍ട്ടിക കാര്‍ അപകടത്തില്‍പ്പെടുകയും കാഞ്ഞിരപ്പള്ളി എ വി ജി വര്‍ക്ക്ഷോപ്പില്‍ പണിയുന്നതിനുവേണ്ടി ഏല്‍പ്പിക്കുകയും ചെയ്തു. ന്യൂ ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് പോളിസി ഉള്ള വാഹനത്തിന്റെ ഐ ഡി വി 6,29,300 രൂപയാണ്. കൂടാതെ ഈ പോളിസിയില്‍ തന്നെ ആഡ് ഓണ്‍ കവര്‍ കൂടി ചേര്‍ത്തിട്ടുണ്ട്. വാഹനം വാങ്ങിയപ്പോള്‍ ഇന്‍വോയിസില്‍ എത്ര രൂപയാണോ അടച്ചിട്ടുളളത് അത്രയും തുക തന്നെ അപകടം ഉണ്ടായാല്‍ ലഭിക്കുന്നതിനുവേണ്ടിയാണ് ആഡ് ഓണ്‍ കവര്‍ കൂടി പോളിസിയോടൊപ്പം ചേര്‍ത്തത്.

എ വി ജി കമ്പനി ആദ്യം എസ്റ്റിമേറ്റ് എടുത്തപ്പോള്‍ 4,85,000 രൂപയായിരുന്നു നഷ്ടം. ഐ ഡി വിയുടെ 75 ശതമാനത്തില്‍ കൂടുതലാണ് നഷ്ടമെങ്കില്‍ ‘ടോട്ടല്‍ ലോസ്’ ആയി കണക്കായി ഇന്‍ഷ്യുറന്‍സിന്റെ മുഴുവന്‍ തുകയും കൊടുക്കണമെന്നാണ് പോളിസി വ്യവസ്ഥ. ‘ടോട്ടല്‍ ലോസ്’ നഷ്ടപരിഹാരം കൊടുക്കാതെ അപകടത്തില്‍പ്പെട്ട വാഹനം പണിതു കൊടുക്കാനാണ് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിച്ചത്. ഈ അന്യായമായ ഇടപെടലിനെതിരെയാണ് ഹരജിക്കാരന്‍ കമ്മീഷനില്‍ കേസ്സ് ഫയല്‍ ചെയ്തത്. അന്യായം ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ഇരു കക്ഷികള്‍ക്കും നോട്ടീസ് അയക്കുകയും ഇരുകക്ഷികളും കമ്മീഷനില്‍ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു. കോടതി നിശ്ചയിച്ച കമ്മീഷന്‍ ആവശ്യമായ തെളിവെടുപ്പു നടത്തുകയും ആവശ്യമായ രേഖകള്‍ ഹാജരാക്കുകയും ചെയ്തു. രേഖകളും സാക്ഷി മൊഴികളും പരിശോധിച്ച കമ്മീഷന്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഭാഗത്ത് ഗുരുതരമായ പിഴവുകളാണ് കണ്ടെത്തിയത്. വാഹനത്തിനു വേണ്ടി വാങ്ങിയ പല സാധനങ്ങളുടേയും ബില്ലുകള്‍ മൊത്തം ബില്ലിന്റെ കൂടെ ചേര്‍ത്തിട്ടില്ലെന്നും പല സാധനങ്ങളും ബില്ലുകള്‍ വരാതിരിക്കുന്നതിനു വേണ്ടി മാറിയിട്ടില്ലായെന്നും കോടതി നിശ്ചയിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷനു ബോദ്ധ്യപ്പെടുത്തുകയുണ്ടായി. ടോട്ടല്‍ ലോസ് 75 ശതമാനത്തില്‍ അധികം വരാതിരിക്കുന്നതിനു വേണ്ടി മനഃപൂര്‍വ്വം ഇന്‍ഷ്വുറന്‍സ് കമ്പനി വാഹനത്തിന്റെ പണി ഇതുവരേയും തീര്‍ത്തിട്ടില്ല. ഇപ്പോഴും വാഹനം എ വി ജി വര്‍ക്ക് ഷോപ്പില്‍ തന്നെയാണ്. വാഹനത്തിന്റെ വിലയും, നഷ്ടപരിഹാരവും, കോടതി ചിലവും ചേര്‍ത്ത് 9,65,000 രൂപ ന്യൂ ഇന്‍ഡ്യ ഇന്‍ഷ്വുറന്‍സ് കമ്പനി ഹര്‍ജിക്കാരനു നല്‍കാന്‍ കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചുച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നു വിധിച്ചത്.

 

Latest