National
പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസ്; കൈകൂപ്പി പരസ്യമായി മാപ്പ് പറഞ്ഞ് രാംദേവ്
കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
ന്യൂഡല്‍ഹി|പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറഞ്ഞ് ബാബ രാംദേവ്. സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായാണ് ബാബ രാംദേവ് കൈകൂപ്പി പരസ്യമായി മാപ്പ് പറഞ്ഞത്. തെറ്റ് ആവര്‍ത്തിക്കില്ലെന്ന് രാംദേവ് ഉറപ്പ് നല്‍കി. നിയമം എല്ലാവര്‍ക്കും ഒന്നാണ്. തെറ്റിനെ നിങ്ങള്‍ ന്യായീകരിക്കുകയാണോ എന്ന് കോടതി രാംദേവിനോട് ചോദിച്ചു.
എന്നാല്‍, തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും മാപ്പ് പറയുകയാണെന്നും രാംദേവ് പറഞ്ഞു. രാംദേവിനൊപ്പം പതഞ്ജലി ഗ്രൂപ്പ് എം.ഡി ആചാര്യ ബാലകൃഷ്ണയും കോടതിയില്‍ ഹാജരായി. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. അന്ന് ഇരുവരും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആണ് സുപ്രീംകോടതിയെ സമീപിച്ചത്. തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും നേരത്തെ രാംദേവ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അന്ധരല്ലെന്നും പതഞ്ജലിയോട് മഹാമനസ്‌കത കാണിക്കാന്‍ തയാറല്ലെന്നും വ്യക്തമാക്കി സുപ്രീംകോടതി രാംദേവിന്റെ മാപ്പ് അപേക്ഷ തള്ളിയിരുന്നു.
ഉത്തരാഖണ്ഡ് സര്‍ക്കാരിനെയും കേസില്‍ കക്ഷിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ വിലക്ക് മറികടന്ന്, അലോപ്പതി മരുന്നുകള്‍ക്കും വാക്സിനേഷനുമെതിരെ പത്രപരസ്യം നല്‍കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്സിനെയും ഇതിനെതിരെ നടപടി എടുക്കാത്ത കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇത്തരത്തില്‍ പരസ്യം നല്‍കാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് അഹ്‌സനുദ്ദീന്‍ അമാനുല്ല പതഞ്ജലിയുടെ അഭിഭാഷകനോട് ചോദിച്ചിരുന്നു.