Connect with us

Kerala

നവോത്ഥാനത്തിന്റെ തുടര്‍ച്ച; വനിതകള്‍ ദൗത്യം നിര്‍വഹിക്കണം: കാന്തപുരം

വിറാസ് ഗേള്‍സില്‍ പുതിയ ബാച്ച് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

നോളജ് സിറ്റി | വൈജ്ഞാനിക നവോത്ഥാനത്തിന്റെ തുടര്‍ച്ച സാധ്യമാകാന്‍ വനിതകള്‍ തങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ സജ്ജരാകണമെന്ന് കാന്തപുരം എ.പി. അബൂബകര്‍ മുസ്ലിയാര്‍. മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സിലെ പുതിയ അധ്യയന വര്‍ഷത്തെ ശരീഅ ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധിനിവേശ ശക്തികളെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിനിടയില്‍ കേരള മുസ്ലിംകള്‍ക്ക് വൈജ്ഞാനിക മേഖലയിലുണ്ടായ പിന്നാക്കാവസ്ഥ പരിഹരിച്ച് മുസ്ലിം നവോത്ഥാനത്തിന്റെ തുടര്‍ച്ച സാധ്യമാക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഉലമാ ആക്റ്റിവിസം കൊണ്ട് സാധിച്ചിട്ടുണ്ട്.

എന്നാല്‍, സ്ത്രീ വിദ്യാഭ്യാസ മേഖലയില്‍, പ്രത്യേകിച്ച് മതരംഗത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കാല പാരമ്പര്യത്തിലേക്ക് തിരിച്ചെത്താന്‍ നമുക്ക് സാധിച്ചിട്ടില്ല. നബി(സ്വ)യുടെ സഹധര്‍മിണി ബീവി ആഇശ(റ)യുടെ അറിവനുഭവങ്ങളുടെ മാതൃകയില്‍ പഠിക്കുകയും പകര്‍ന്നുനല്‍കുകയും ചെയ്ത അനേകം പണ്ഡിതകള്‍ കേരളത്തിലുണ്ടായിരുന്നു.

ഓത്തുപള്ളിയില്‍ ഖുര്‍ആന്‍ പഠിപ്പിച്ചവരും വീടുകളില്‍ ഫത്ഹുല്‍ മുഈന്‍ ഓതിക്കൊടുത്തവരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. വിറാസ് ഗേള്‍സ് വിഭാവനം ചെയ്യുന്നത് ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.ടി. ശിഹാബുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഇബ്റാഹീം സഖാഫി താത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. അബ്ദുല്ലാഹ് ഉനൈസ് നൂറാനി പാറക്കടവ്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി അണ്ടോണ, ആശിഖ് സഖാഫി കാന്തപുരം, എഞ്ചിനിയര്‍ ഫൈറൂസ് സഖാഫി സംബന്ധിച്ചു.

 

Latest