National
ശംഭു അതിര്‍ത്തിയില്‍ തുടര്‍ച്ചയായ കണ്ണീര്‍വാതക പ്രയോഗം; പ്രതിബന്ധങ്ങളെല്ലാം മറികടന്ന് കര്‍ഷകര്‍ മുന്നോട്ട്
സമരക്കാരോട് മുന്നോട്ടു പോകരുതെന്ന് പോലീസ്. എന്നാല്‍, ഇത് അവഗണിച്ച് കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക്.
ന്യൂഡല്‍ഹി | ദില്ലി ചലോ മാര്‍ച്ചുമായി മുന്നോട്ടു നീങ്ങുന്ന കര്‍ഷകര്‍ക്കെതിരെ ശംഭു അതിര്‍ത്തിയില്‍ തുടര്‍ച്ചയായ കണ്ണീര്‍വാതക പ്രയോഗം. സമരക്കാരോട് മുന്നോട്ടു പോകരുതെന്ന് പോലീസ് നിര്‍ദേശിച്ചു. എന്നാല്‍, ഇത് അവഗണിച്ച് കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലേക്കു നീങ്ങി.
പോലീസിന്റെ എല്ലാ അടിച്ചമര്‍ത്തല്‍ മുറകളും മറികടന്ന് മാര്‍ച്ചുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ പിന്നോട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു.
പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും കര്‍ഷകര്‍ ശംഭു അതിര്‍ത്തിയില്‍ എത്തിച്ചിരുന്നു. കണ്ണീര്‍വാതകത്തെ പ്രതിരോധിക്കാന്‍ മാസ്‌കുകള്‍ കര്‍ഷകര്‍ ധരിച്ചിരുന്നു. സമരക്കാരുടെ മണ്ണുമാന്തി യന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ പഞ്ചാബ് പോലീസിനോട് ഹരിയാന പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സമരക്കാരെ നേരിടാന്‍ കണ്ടെയ്നറുകളില്‍ മണ്ണ് നിറച്ചും റോഡില്‍ മതില്‍ കെട്ടിയും ഹരിയാന പോലീസും വലിയ ഒരുക്കങ്ങളാണ് നടത്തിയത്.ഹരിയാനയിലെ ഏഴ് ജില്ലകളില്‍ അധികൃതര്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.