Organisation
ആധുനിക സിംഗപ്പൂര്‍ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ വംശജരുടെ സംഭാവനകള്‍ മഹത്തരം : വിദേശകാര്യ ഉപദേഷ്ടാവ്
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ നില നിന്ന വാണിജ്യ സാംസ്‌കാരിക ബന്ധങ്ങള്‍ ചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്
സിംഗപ്പൂര്‍ | ആധുനിക സിംഗപ്പൂര്‍ രൂപപ്പെടുത്തുന്നതിലും രാഷ്ട്രത്തിന്റെ വികസന കുതിപ്പിലും ഇന്ത്യന്‍ വംശജര്‍ നല്‍കിയ സംഭാവനകള്‍ പ്രശംസനീയമാണെന്ന് സിംഗപ്പൂര്‍ വിദേശകാര്യ ഉപദേഷ്ടാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ സൈനുല്‍ ആബിദീന്‍ മുഹമ്മദ് റഷീദ് പറഞ്ഞു.
വിശുദ്ധ റമസാന്‍ സന്ദേശം കൈമാറാനായി അദ്ദേഹത്തെ സന്ദര്‍ശിച്ച ജാമിഅ സഅദിയ്യ അറബിയ്യ പ്രതിനിധി സംഘത്തോടൊപ്പമുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇന്ത്യന്‍ വംശജരോടുള്ള കൃതജ്ഞത രേഖപ്പെടുത്തിയത്.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയും സിംഗപ്പൂരും തമ്മില്‍ നില നിന്ന വാണിജ്യ സാംസ്‌കാരിക ബന്ധങ്ങള്‍ ചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്.അറബ് കച്ചവട സംഘങ്ങളോടൊപ്പം സിംഗപ്പൂര്‍ തീരത്ത് വന്നിറങ്ങിയ ഇന്ത്യന്‍ വംശജര്‍ വിവിധ സംസ്‌കാരങ്ങളോടൊപ്പം സിംഗപ്പൂരിനെ സേവിച്ചു.ആധുനിക കാലത്തും രണ്ടു സമൂഹങ്ങളും രാജ്യങ്ങളും തമ്മില്‍ ബന്ധങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യക്കാര്‍ക്ക് റമസാന്‍ ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതക്ക് ശക്തമായ പിന്തുണ നല്‍കുന്ന സിംഗപ്പൂരിനോടുള്ള നന്ദി പ്രതിനിധി സംഘം അദ്ദേഹത്തെ അറിയിച്ചു. സമസ്ത കാസര്‍കോട് മുശാവറ അംഗം സയ്യിദ് ഹാഷിം ആറ്റക്കോയ ജീലാനി തങ്ങള്‍, ഇന്‍ഡോ – അറബ് മിഷന്‍ സിക്രട്ടറി ഡോ: അമീന്‍ മുഹമ്മദ് സഖാഫി സഅദിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സിംഗപ്പൂരിലെ മസ്ജിദ് സുല്‍ത്താന്‍ ഇമാമുമായ സുബൈര്‍ മിസ്ബാഹി തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.