Connect with us

Kozhikode

നിയന്ത്രണം കടലാസില്‍; എങ്ങും തിക്കും തിരക്കും

കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ജനം.

Published

|

Last Updated

കോഴിക്കോട് | കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി ജനം. സാമൂഹിക അകലം എവിടെയും പരിഗണിക്കുന്നില്ല. വൈകുന്നേരങ്ങളില്‍ മിഠായിത്തെരുവ്, ബീച്ച്, മാനാഞ്ചിറ, നഗരത്തിലെ മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആളുകളുടെ തിക്കും തിരക്കുമാണ്. അവധി ആഘോഷിക്കാനായി ബീച്ചിലേക്കും മാനാഞ്ചിറയിലേക്കും മാളുകളിലേക്കും ആളുകള്‍ ഒഴുകിയെത്തുന്നതിലും ഒരു നിയന്ത്രണവുമില്ല.
ഒഴിവ് ദിവസങ്ങളില്‍ ബീച്ചിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത നിലയിലാണ് വാഹനങ്ങളുടെ നീണ്ട നിര. അതോടൊപ്പം വിവിധ ആഘോഷങ്ങളും സമര പരിപാടികളും തകൃതിയായി നടക്കുന്നുണ്ട്. സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികളില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. നേതാക്കളില്‍ പലര്‍ക്കും പരിപാടികള്‍ക്ക് ശേഷം കൊവിഡ് പോസിറ്റീവായിക്കൊണ്ടിരിക്കുകയാണ്. മിക്ക വ്യാപാര കേന്ദ്രങ്ങളിലും എ ടി എമ്മുകളിലും സാനിറ്റൈസര്‍ കണികാണാനില്ല. കൈ കഴുകുന്നതിന്റെ ഭാഗമായി നഗരത്തില്‍ സ്ഥാപിച്ച കിയോസ്‌കുകളും അപ്രത്യക്ഷമായി.

കൊവിഡിനോടൊപ്പം ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വീഴ്ചകള്‍. മരണാനന്തരച്ചടങ്ങുകള്‍, വിവാഹം, സാമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയിലെല്ലാം പരമാവധി 50 പേരെയാക്കിയും പൊതു പരിപാടികളും പൊതുയോഗങ്ങളും കഴിവതും ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും ജനം കേട്ട ഭാവം നടിക്കുന്നില്ല.

അതേസമയം, ജില്ലയില്‍ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും പരിശോധനകള്‍ പേരിന് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടുമ്പോഴും കോഴിക്കോട് സിറ്റിയിലും റൂറലിലുമായി കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഹൈ റിസ്‌ക,് ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ കര്‍ശനമായി നീരിക്ഷിക്കാനും ക്വാറന്റൈന്‍ ഉറപ്പാക്കാനും നിര്‍ദേശമുണ്ടെങ്കിലും ഇവയൊന്നും പൂര്‍ണമായും പാലിക്കപ്പെടുന്നില്ല.