National
ഓര്‍ഗനൈസറിലെ വിവാദ ലേഖനം; ബി ജെ പിയില്‍ അമര്‍ഷം പുകയുന്നു
കത്തോലിക്ക സഭയെ ഉന്നമിട്ടുള്ള ലേഖനം മിഷന്‍ സൗത്തിന് തിരിച്ചടിയാകുമോ എന്നതാണ് ബി ജെ പിയുടെ ആശങ്ക.

ന്യൂഡല്‍ഹി | ആര്‍ എസ് എസ് വാരികയായ ഓര്‍ഗനൈസറിലെ വിവാദ ലേഖനത്തില്‍ ബി ജെ പിയില്‍ അമര്‍ഷം പുകയുന്നു. കത്തോലിക്ക സഭയെ ഉന്നമിട്ടുള്ള ലേഖനം മിഷന്‍ സൗത്തിന് തിരിച്ചടിയാകുമോ എന്നതാണ് ബി ജെ പിയുടെ ആശങ്ക. ലേഖനത്തില്‍ കത്തോലിക്ക സഭയും ശക്തമായ പ്രതിഷേധത്തിലാണ്.
‘ഇന്ത്യയില്‍ ഏറ്റവുമധികം ഭൂമി ആരുടെ പക്കല്‍? കത്തോലിക്കാ സഭയ്ക്കോ, വഖ്ഫ് ബോര്‍ഡിനോ’ എന്ന ശശാങ്ക് കുമാര്‍ ദ്വിവേദിയുടെ ലേഖനമാണ് വിവാദമായത്. കത്തോലിക്കാ സഭയ്‌ക്കെതിരായ ലേഖനം വിവാദമായതോടെ വെബ്‌സൈറ്റില്‍ നിന്ന് ലേഖനം പിന്‍വലിച്ചിരുന്നു.
സര്‍ക്കാര്‍ ഭൂമി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവുമധികം ഭൂമി കൈവശം വച്ചിരിക്കുന്നത് വഖ്ഫ് ബോര്‍ഡല്ല, ഇന്ത്യയിലെ കത്തോലിക്കാ ചര്‍ച്ചാണെന്ന് ലേഖനത്തില്‍ പറഞ്ഞിരുന്നു. ഏഴു കോടി ഹെക്ടര്‍ സ്വന്തമായുള്ള സഭ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര ഭൂവുടമയാണ്. 2021 ഫെബ്രുവരിയിലെ കണക്കുപ്രകാരം സര്‍ക്കാര്‍ ഭൂമി 15,531 ചതുരശ്ര കിലോമീറ്ററാണ്. കത്തോലിക്കാ സഭയുടെ പക്കല്‍ 17.29 കോടി ഏക്കറുണ്ട്. 20,000 കോടിക്കും മുകളിലാണ് ഇവയുടെ വിപണിവിലയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ റിയല്‍ എസ്റ്റേറ്റ് ഭൂപ്രകൃതിയില്‍ സഭയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് ലേഖനത്തിലെ മറ്റൊരാരോപണം. 1927ലെ ഇന്ത്യന്‍ ചര്‍ച്ച് ആക്ട് പ്രകാരം വന്‍തോതിലാണ് ഭൂസ്വത്തുക്കള്‍ സഭ വര്‍ധിപ്പിച്ചത്. സഭയുടെ സ്‌കൂളുകളിലും ആശുപത്രികളിലും സൗജന്യമായോ കുറഞ്ഞ ചെലവിലോ പാവപ്പെട്ടവര്‍ക്ക് സേവനങ്ങള്‍ നല്‍കി ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്നു, ആദിവാസികളടക്കമുള്ളവരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം അവരുടെ ഭൂമി പള്ളിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്ക് നല്‍കുന്നും തുടങ്ങിയ ആരോപണങ്ങളും ലേഖനത്തിലുണ്ടായിരുന്നു.