Connect with us

International

ഇസ്‌ലാം വിരുദ്ധ പ്രസ്താവന, മതസ്പര്‍ധ; ശ്രീലങ്കയില്‍ വിവാദ ബുദ്ധ സന്യാസിക്ക് തടവുശിക്ഷ

ഗലഗോദത്തെ ജ്ഞാനസാര എന്ന ബുദ്ധസന്യാസിക്കാണ് ശ്രീലങ്കന്‍ കോടതി ഒമ്പത് മാസം തടവ് വിധിച്ചത്.

Published

|

Last Updated

കൊളംബോ | ഇസ്‌ലാമിനെതിരെ അപമാനകരമായ പ്രസ്താവനകള്‍ നടത്തുകയും മതസ്പര്‍ധ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ വിവാദ ബുദ്ധ സന്യാസിക്ക് തടവുശിക്ഷ. ശ്രീലങ്കയിലാണ് സംഭവം. ഗലഗോദത്തെ ജ്ഞാനസാര എന്ന ബുദ്ധസന്യാസിക്കാണ് ശ്രീലങ്കന്‍ കോടതി ഒമ്പത് മാസം തടവ് വിധിച്ചത്. തടവ് കൂടാതെ 1,500 ശ്രീലങ്കന്‍ രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടയ്ക്കാതിരുന്നാല്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം.

രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് ഗോതബായ രജപക്സെയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഗലഗോദത്തെ ജ്ഞാനസാര. ഇത് രണ്ടാം തവണയാണ് ഇയാള്‍ക്ക് തടവുശിക്ഷ വിധിക്കുന്നത്.

2019ല്‍ ഇതേ കേസുമായി ബന്ധപ്പെട്ടുള്ള കോടതിയലക്ഷ്യം, ഭീഷണിപ്പെടുത്തല്‍ കേസില്‍ ജ്ഞാനസാരക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, ജ്ഞാനസാരയ്ക്ക് പ്രസിഡന്റ് മാപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു.

2016ല്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് ജ്ഞാനസാര ഇസ്ലാമിനെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ജ്ഞാനസാരയെ അറസ്റ്റ് ചെയ്തിരുന്നു.

2018ല്‍ കോടതിയലക്ഷ്യത്തിനും കാണാതായ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതിനും ജ്ഞാനസാരക്കെതിരെ ആറ് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേന മാപ്പ് നല്‍കിയതിനാല്‍ ഒമ്പത് മാസത്തിനു ശേഷം ജയില്‍മോചിതനായി.

 

 

 

 

Latest