tourism department
ടൂറിസം വകുപ്പിലെ വിവാദ സര്‍ക്കുലര്‍: കൃഷ്ണ തേജ തെറിച്ചു, പി ബി നൂഹ് പുതിയ ഡയറക്ടര്‍
പി ബി നൂഹ് ലൈഫ് മിഷന്‍ സി ഇ ഒ യുടെ അധിക ചുമതല കൂടി വഹിക്കും.
തിരുവനന്തപുരം | ടൂറിസം വകുപ്പിലെ വിവാദമായ സ്ത്രീവിരുദ്ധ സര്‍ക്കുലറുമായി ബന്ധപ്പെട്ട് കൃഷ്ണ തേജയെ ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ലൈഫ് മിഷന്‍ സി ഇ ഒ. പി ബി നൂഹാണ് പുതിയ ഡയറക്ടര്‍. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പി ബി നൂഹ് ലൈഫ് മിഷന്‍ സി ഇ ഒ യുടെ അധിക ചുമതല കൂടി വഹിക്കും.
കൃഷ്ണ തേജയെ എസ് സി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുന്ന വനിതാ ജീവനക്കാരുടെ വിവരങ്ങള്‍ തേടണമെന്ന് നിര്‍ദേശിച്ചായിരുന്നു കൃഷ്ണ തേജ സര്‍ക്കുലര്‍ ഇറക്കിയത്. ചില വനിതാ ജീവനക്കാര്‍ അടിസ്ഥാനരഹിതമായ പരാതികള്‍ ഉന്നയിക്കുണ്ടെന്നും വ്യാജ പരാതികള്‍ വകുപ്പിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന സാഹചര്യത്തില്‍ പരാതിനല്‍കുന്നവരുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടികള്‍ എടുക്കുകയും ചെയ്യണമെന്നായിരുന്നു സര്‍ക്കുലര്‍.
സംഭവം വിവാദമായതോടെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് സര്‍ക്കുലര്‍ റദ്ദാക്കുകയും സര്‍ക്കുലര്‍ വനിതാ ജീവനക്കാരുടെ അവകാശങ്ങള്‍ക്കും സര്‍ക്കാര്‍ നയങ്ങള്‍ക്കും ചൂണ്ടിക്കാട്ടി വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണ തേജയെ മാറ്റിയത്.